കളിവിചാരം അഞ്ച്
================
(കഥകളിയിലെ അരങ്ങ് വാഴ്ച)
********************************
കഥകളി അരങ്ങത്ത് ഒരു നടൻ രണ്ട് രണ്ടര മണിക്കൂർ വരെ നീളുന്ന പ്രകടം കാഴ്ച വെക്കുന്നത് കഥയുടെയോ കഥാപാത്രത്തിന്റെയോ സ്വഭാവത്തിനനുസരിച്ച് ആവശ്യവും പ്രശംസാർഹവുമാണ്. പതിഞ്ഞ പദങ്ങളും തന്റേടാട്ടങ്ങളും അതാവശ്യപ്പെടുന്നു. ഇവിടെ അറിഞ്ഞിരിക്കേണ്ട വസ്തുത അരങ്ങിലെ നടന്റെ പ്രവൃത്തി സാധാരണ ജീവിത വൃത്തികളെ അപേക്ഷിച്ച് പതിന്മടങ്ങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത് എന്നതാണ്. സവിശേഷമായ രസാഭിനയവും അതിന്റെ ആസ്വാദനവും അപ്രകാരമുള്ള ഒരു തരംഗദൈർഘ്യത്തിലേ സാദ്ധ്യമാവൂ. കല്യാണസൗഗന്ധികം ഭീമൻ, കാലകേയവധം അർജ്ജുനൻ, കിർമ്മീരവധം ധർമ്മപുത്രർ തുടങ്ങിയ വേഷങ്ങൾ ഉദാഹരണം. പതിഞ്ഞ പദം എന്ന പ്രയോഗത്തിൽ തന്നെ ഈ രംഗവിശേഷം അന്തർലീനമാണ്. വിപ്രലംഭ ശൃംഗാരവും ഉദ്യാനവർണ്ണനയും വനവർണ്ണനയും കൈലാസോദ്ധാരണവും മറ്റും ആ വിധം വിസ്തരിച്ചാടാൻ വകുപ്പുള്ളവയുമാണ്. ഇത് കഥകളിയുടെ ഘടനയെയും സങ്കേതത്തെയും സംബന്ധിക്കുന്ന കാര്യമാണ്. അതിൽ വിട്ടുവീഴ്ച അനുവദനീയമല്ല. രസാനുഭൂതിയുടെ മർമ്മവും അതുതന്നെ.
എന്നാൽ ഇക്കാര്യത്തിൽ പലപ്പോഴും സംഭവിക്കുന്നത് രസഭംഗമാണെന്ന് വന്നാൽ കഴിഞ്ഞില്ലേ, കഥ....! നടന്റെ പ്രേക്ഷക സ്വീകാര്യത, ആസ്വാദകരുടെ അവഗാഹക്കുറവ്, സംഘാടകരുടെ സമാദരണവ്യഗ്രത തുടങ്ങിയ ഘടകങ്ങളാണ് ഇത്തരം വിരോധാഭാസങ്ങളുടെ പശ്ചാത്തലം എന്ന് തോന്നാറുണ്ട്. ആവശ്യത്തിലധികം സമയദൈർഘ്യം അപഹരിച്ച് പല പോപ്പുലർ വേഷക്കാരും ഈവിധം അഭിനയാധിക്യം കൊണ്ട് സദസ്സിനെ മുഷിപ്പിക്കുന്നത് ഈയിടെയായി ആവർത്തിച്ചു കാണുന്നു. ഭാവാഭിനയം എന്ന ഭാവേന അരങ്ങിൽ ഇവർ കാഴ്ച വെക്കുന്ന പ്രകടനം പലപ്പോഴും അരോചകവും അതിലേറെ അസഹ്യവും ആവാറുണ്ട്. ശ്രദ്ധ പിടിച്ചു പറ്റാനായി കൃത്രിമമായി വരുത്തുന്ന മുഖചേഷ്ടകൾ മുഖഗോഷ്ടികളായി പരിണമിക്കുന്നത് വേഷക്കാരോ പ്രേക്ഷകരിൽ ഭൂരിഭാഗമോ അറിയുന്നില്ല. അരങ്ങത്ത് സഹകരിക്കുന്ന മറ്റ് കലാകാരന്മാരെയും പ്രേക്ഷകരേയും സംഘാടകരെയും ഒപ്പം കഥകളി എന്ന വിശ്വോത്തര കലാരൂപത്തെയും വ്രണപ്പെടുത്തുന്ന ഈ പ്രവണത കഥകളിയെ സ്നേഹിക്കുന്നവർക്ക് വേദനാജനകമാണ്. ഈ വൈഭവ പ്രകാശനത്തിന് അകമ്പടി സേവിക്കാൻ നിർബ്ബന്ധിതരാവുന്ന പാട്ടുകാർ താളം വലിച്ചു താഴ്ത്തി പാടാൻ നിർബന്ധിതരാകുന്നു. ആവശ്യത്തിലധികം ഇഴഞ്ഞു നീങ്ങുന്ന സംഗീത-താള പശ്ചാത്തലം കൂടിച്ചേർന്ന് ആട്ടം അഴിഞ്ഞാട്ടമായി അധ:പ്പതിക്കുന്നു. ഈ വിരസമായ അനുഭവത്തിന് പ്രേക്ഷകരിൽ ചിലരെങ്കിലും എപ്പോഴെങ്കിലുമൊക്കെ അനുഭവസാക്ഷ്യം വഹിച്ചിട്ടുണ്ടാവും എന്നതിൽ രണ്ട് പക്ഷമില്ല. ഈ അടുത്ത് ശ്രദ്ധേയനായ ഒരു നടന്റെ പ്രകടനം അല്പം ഓവറായില്ലേ എന്ന ആശങ്ക ഒരു സഹൃദയൻ പ്രകടിപ്പിച്ചു കണ്ടു. "ആ കണ്ണ് ത്രസിക്കലും ചിറി കോട്ടലും അഥവാ പുതുപരീക്ഷണമായിരുന്നുവെങ്കിൽ, പറയട്ടെ, ഇനിയൊരിക്കൽ ആവർത്തിക്കാഞ്ഞാലാവും ഭംഗി." എന്ന് തന്റേടപൂർവ്വം വിമർശിച്ച ആ സഹൃദയൻ മികച്ച ആസ്വാദകനും കലാ നിരൂപകനും ആണെന്ന വസ്തുത കൂടി അറിയുന്നത് നന്നാവും. മറ്റൊരു പ്രഗത്ഭ നടന്റെ ധർമ്മപുത്രുരും ഇനിയൊരാളുടെ വെളുത്ത നളനും ഈവിധം ദയനീയമാവുന്നത് യൂട്യൂബ് ലിങ്കിൽ കാണായി. ഉടുത്ത ഭ്രാന്തിന് ഉടുക്കാത്ത ഭ്രാന്ത് എന്നവണ്ണം ഇതൊക്കെ ആളുകൾ വാഴ്ത്തുന്നതും സർവ്വസാധാരണമായിത്തുടങ്ങി. ഇവരെയൊക്കെ ഗുരുനാഥന്മാരും പൂർവ്വസൂരികളും ഇതൊന്നും കാണില്ല എന്നതാണോ ഈ ധാർഷ്ട്യപ്രകടനത്തിന്റെ ന്യായീകരണം എന്നറിയില്ല. ആരും വിമർശിക്കാനില്ലെന്നതും ഒരു തഞ്ചമാണല്ലോ. മൗനം ദീക്ഷിക്കുകയാണ് ഇത്തരുണത്തിൽ അഭികാമ്യം എന്ന് പലരും വിശ്വസിക്കുന്നു. തുറന്ന വിമർശനം നടത്താൻ പ്രാപ്തരായവർ ഉണ്ടായിരുന്ന കാലത്ത് ഇതൊന്നും നടക്കില്ലായിരുന്നു.
എന്താണ് ഈ വൈരുദ്ധ്യത്തിന് കാരണം എന്നുകൂടി അന്വേഷിക്കുന്നത് സ്വാഭാവിക മാണല്ലോ. ആലോചിച്ചിട്ട് കിട്ടിയ സമാധാനങ്ങൾ അക്കമിട്ട് ചേർക്കട്ടെ. ഇതല്ലാതേയും കാരണങ്ങൾ ഉണ്ടാവാം. മനസ്സിൽ തോന്നുന്നവർ പറയുമല്ലോ.
1. സീനിയോറിറ്റി മേൽക്കോയ്മക്കിടക്ക് അപൂർവ്വമായി വീണുകിട്ടുന്ന പ്രധാന വേഷാവതരണ സൗഭാഗ്യാതിരേകം സൃഷ്ടിക്കുന്ന അമിതാഹ്ലാദവും തത്ഭലമായ അന്ധാളിപ്പും
2. അനിയന്ത്രിതമായ അമിതാത്മവിശ്വാസം
3. ഗഹനമായ പാത്രബോധത്തിന്റെ അഭാവം
4. ആരെയും പേടിക്കാനില്ലെന്ന അഹന്ത
5. സഹകലാകാരന്മാരെയും സദസ്യരെയും മാനിക്കാനുള്ള വിശാലമനസ്സില്ലായ്മ
6. അവഗാഹം കുറഞ്ഞ അനുവാചകരുടെ പ്രശംസാവർഷം സൃഷ്ടിക്കുന്ന പരിസരബോധമില്ലായ്മ
7. അളവിൽ കവിഞ്ഞ ഉത്തേജകസ്വാധീനം
മേല്പറഞ്ഞതിൽ ഏതെങ്കിലുമോ എല്ലാം ചേർന്നോ നടക്കുന്ന ഈ വിളയാട്ടം കഥകളിക്കും വേഷക്കാർക്കും ഒരുപോലെ ദോഷമാണ് ചെയ്യുന്നത്.
എത്രയോ മഹാ മനസ്സുകളുടെ ത്യാഗോജ്വലവും സ്വയം സമർപ്പിതവുമായ തീവ്ര ശ്രമങ്ങളുടെ ആകത്തുകയാണ് ഈ മർക്കടമുഷ്ടികൾക്കകത്ത് ഞെരിഞ്ഞമരുന്നത് എന്നോർക്കുന്നത് നന്ന്.
കഥകളി സൈദ്ധാന്തികരും ബഹുമാന്യരായ പ്രേക്ഷകരും വിശിഷ്യാ കളിനടത്തിപ്പുകാരും ഇക്കാര്യത്തിൽ തുറന്ന ചർച്ചയ്ക്കും തുടർ നടപടികൾക്കും തയ്യാറായില്ലെങ്കിൽ പുതുതലമുറ കലാകാരന്മാരുടെയും കഥകളിയുടെയും ഭാവി ചിന്തനീയം.
സ്വസ്തി.
No comments:
Post a Comment