കളിവിചാരം ഏഴ്
==============
(അനധികൃത അധിനിവേശം)
******************************
കഥകളി രംഗം പുഷ്ടി പ്രാപിച്ചു എന്ന് തോന്നിക്കും വിധം അരങ്ങിലും ആസ്വാദന രംഗത്തും അഭൂതപൂർവമായ ഇരച്ചു കയറ്റം നടക്കുന്ന കാലമാണല്ലോ. അരങ്ങിലെ പുതുമുഖ വേഷക്കാരുടെ സാന്നിദ്ധ്യവും സദസ്സിലെ പുതുയുവ ആസ്വാദകരുടെ ബാഹുല്യവും അങ്ങനെയൊരു ധാരണ പരത്തന്നുണ്ടെങ്കിൽ അത് പുനപ്പരിശോധിക്കേണ്ടതുണ്ട്.
പേരിനൊരു മോഹിനിയാട്ട പഠിതാവിനെ തിരഞ്ഞ് നടന്ന് മടുത്ത വള്ളത്തോളിന്റെ അനുഭവം വായിച്ചും പറഞ്ഞുകേട്ടും അറിഞ്ഞിട്ടുണ്ട്. ആരാദ്ധ്യനായ കെ ജി പൗലോസ് സാർ ഒരിക്കൽ ഒരു വേദിയിൽ സൂചിക്കുകയുണ്ടായി, കഥകളിക്ക് ചേരാൻ കുട്ടികളെ കിട്ടുന്നില്ല എന്ന ആധി പങ്കു വെക്കുന്നവരിൽ എത്ര പേർ തങ്ങളുടെ മക്കളെ ഈ രംഗത്തേക്ക് സംഭാവന ചെയ്യാൻ തയ്യാറാണ്, എന്ന്. അതൊക്കെ പോയ കാലം. സാഹചര്യം മാറി. മക്കളെ കലാമണ്ഡലത്തിൽ ചേർക്കുന്നത് അഭിമാനമായി കാണുന്ന കാലമാണിത്. അന്നത്തേതിൽ നിന്ന് വ്യത്യസ്തമായി ഒട്ടനവധി കലാകാരന്മാർ കലാമണ്ഡലത്തിലും മറ്റ് സ്ഥാപനങ്ങളിലും നിന്ന് പഠിച്ചിറങ്ങി. അവരുടെ കൈകളിൽ കഥകളിയുടെ ഭാവി ഭദ്രമാണെന്നതും കാലഘട്ടത്തിന്റെ അനുഭവസാക്ഷ്യമാണ്.
അത്ഭുതം എന്ന് പറയട്ടെ, പലരുടെയും ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരം എന്നോണം പെൺകുട്ടികൾക്ക് കഥകളി കോഴ്സിന് ചേരാൻ അനുമതി കിട്ടി, ഈയിടെ. (മെയ് വഴക്കത്തിന് അവശ്യം ആവശ്യമായ പ്രഭാതകാല മെയ്സാധകം, ഉഴിച്ചിൽ തുടങ്ങിയ ക്ലേശകരമായ പരിശീലനച്ചിട്ടകൾ പെണ്ണുടലിൽ അസാദ്ധ്യമാണ് എന്ന ബോദ്ധ്യമാണ് ഈ തീരുമാനം ഇത്രയും വൈകാൻ ഇടയാക്കിയത്. ആ ധാരണ ശരിയായാലും തെറ്റായാലും കലാമണ്ഡലം അത് തിരുത്തി യിരിക്കുന്നു.) പ്രഥമ ബാച്ചിന്റെ അരങ്ങേറ്റം നടന്നതിന്റെ വീഡിയോയും റിപ്പോർട്ടും പത്രത്തിലും ഫെയ്സ്ബുക്കിലും പ്രത്യക്ഷപ്പെട്ടതും പലരും ശ്രദ്ധിച്ചു കാണും. 'നല്ല കാര്യം' എന്നല്ലാതെ ആർക്കും അതിൽ നീരസമോ വിയോജിപ്പോ ഉള്ളതായി തോന്നിയില്ല, പറഞ്ഞ് കേട്ടതുമില്ല. അവർ ചെറു പ്രായത്തിൽ കോഴ്സിന് ചേർന്ന് വിദഗ്ധരായ കഥകളി ആശാന്മാരുടെ ശിക്ഷണത്തിൽ ശാസ്ത്രീയമായി അഭ്യസിച്ച് വേഷക്കാരായി ജീവിതത്തിൽ തുടരാൻ ഉറച്ചവരാണെന്ന് അനുമാനിക്കാം. അപ്രകാരം ഒരു തീരുമാനം ആ കുട്ടികളുടെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഉയർന്നു വന്നതും അഭിനന്ദനാർഹം.
അതിന്റെ ഭാവി വൈകാതെ അരങ്ങിൽ കണ്ട് വിലയിരുത്തിനാവും എന്ന സാദ്ധ്യതയും നിലനില്ക്കുന്നു.(ഉഴിച്ചിലടക്കമുള്ള വിശദമായ ശാരീരിക തയ്യാറെടുപ്പുകൾ പെൺകുട്ടികളുടെ കാര്യത്തിൽ എത്രത്തോളം പ്രായോഗികമാണ് എന്നതു സംബന്ധിച്ച മുറുമുറുപ്പ് കീഴ്സ്ഥായിയിൽ ഇല്ലാതില്ല).
സ്ത്രീശാക്തീകരണം, വനിതാവിമോചനം തുടങ്ങിയ ക്ലീഷേ പരിവേഷമൊന്നും ആരോപിക്കാതെ 'കുട്ടികൾ', അവരുടെ സ്വപ്നങ്ങൾ എന്നൊക്കെയുള്ള തലത്തിൽ കഥകളിയിലെ പെണ്ണിടത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. എന്തൊക്കെയായാലും, ഏറെ ശ്രമകരവും അത്രതന്നെ കഠിനവും ആയ കളരിയഭ്യാസ മുറകൾ അനുശാസിക്കുന്ന ഒരു ക്ലാസ്സിക് കലാരൂപത്തിന്റെ മേഖലയിലേക്ക് ആൺ-പെൺ ഭേദമില്ലാതെ പുതു നാമ്പുകൾ കടന്നു വരുന്നു എന്നതാണ് ഏറെ ശുഭോദർക്കമായ കാര്യം. അത്തരം ഒരു വീക്ഷണം ബലപ്പെടുന്നതോടെ അതു സംബന്ധിച്ചുള്ള മറ്റ് ഏതുവിധം അഭിപ്രായ അനൈക്യങ്ങളും നിഷ്പ്രഭമാവും, തീർച്ച.
പ്രസക്തമായ കാര്യം മറ്റൊന്നാണ്. ഒരു കലാരൂപത്തിന്റെ ഗാംഭീര്യം, അതിന്റെ അഭ്യസനം ആവശ്യപ്പെടുന്ന അസാമാന്യമായ അർപ്പണബോധം, അതിന്റെ രംഗാവതരണത്തിൽ അനുഷ്ഠിക്കേണ്ടതായ നിഷ്കർഷകൾ തുടങ്ങിയ സങ്കീർണ്ണ സമസ്യകൾ പരിഗണിക്കുമ്പോൾ വേഷാവതരണത്തിൽ ഈ അടുത്ത കാലത്ത് ദൃശ്യമായിക്കൊണ്ടിരിക്കുന്ന 'നുഴഞ്ഞു കയറ്റം' അത്രയൊന്നും ശുഭോദർക്കമല്ല എന്ന് പറയേണ്ടി വരും. ഉണ്ടിരിക്കുന്ന നായർക്ക് ഒരു വിളി തോന്നി എന്നമട്ടിലുള്ള ചില കഥകളി ഭ്രമങ്ങളാണ് ഇവിടെ പ്രസ്താവ്യം. സർക്കാർ സർവീസിൽ ഉള്ളവരും റിട്ടയർ ചെയ്ത് സുഖൈശ്വര്യങ്ങളുടെ നിറവിൽ കഴിയുന്നവരുമടക്കം ചില വരേണ്യ വനിതാ സംരംഭകരുടെ 'ഇടത്താവളം' എന്ന പദവി കഥകളിക്ക് ഒട്ടും ഭൂഷണമല്ല. കളിവിചാരത്തിന്റെ മുൻ ലക്കത്തിൽ സൂചിപ്പിച്ച പോലെ ഏതാണ്ട് രണ്ട് ദശാബ്ദത്തിനകം സംഭവിച്ച അസൂയാവഹമായ സാമ്പത്തിക വളർച്ച ഉണ്ടാക്കിക്കൂട്ടുന്ന പൊങ്ങച്ച പ്രകട ജാടകൾ സഹിക്കാവുന്നതിലും അധികമാണ്. ആഘോഷങ്ങളുടെയും അമിതാർമാദങ്ങളുടെയും ദഹനക്കേട് സമസ്ത മേഖലകളിലും വ്യാപിക്കുന്നു. എന്നാൽ കളിയരങ്ങിലേക്കു വരെയുള്ള ഈ വൈറസ്സിന്റെ വ്യാപനം ദുരുപദിഷ്ടവും അസംഗതവുമാണ്.
ആവശ്യത്തിലധികം പണം ഉണ്ടാകുമ്പോൾ മനുഷ്യർക്ക് പലതും തോന്നും. പലതുണ്ട് ആ വ്യാധിക്ക് ചികിത്സാവിധികൾ. എന്നാൽ കഥകളി, മോഹിനിയാട്ടം തുടങ്ങിയ ക്ലാസ്സിക് കലാരൂപങ്ങളിൽ മഹാലക്ഷ്മി കൈകടത്താൻ തുടങ്ങിയത് ഈ അടുത്ത കാലത്ത് മാത്രമാണ്. (കൂടിയാട്ടത്തിലേക്ക് ഈ പകർന്നാട്ടം വ്യാപിച്ചിട്ടില്ല, തൽക്കാലം, എന്നത് ആശ്വാസം)
ദീർഘകാലത്തെ തീവ്രാദ്ധ്യയനം പൂർത്തിയാക്കി, മുടങ്ങാതെ സാധകവും ഗവേഷണവുമായി ഈ കലാരൂപങ്ങളെ മാത്രം ധ്യാനിച്ചും പരിചരിച്ചും കാലം കഴിക്കുന്ന കലാപ്രവർത്തകർ (ആൺ-പെൺ വ്യത്യാസമില്ലാതെ) നിരവധിയുണ്ട്, നമ്മുടെ നാട്ടിൽ. അരങ്ങും അംഗീകാരവും കിട്ടാതെ കഴിയുകയാണവരിൽ മിക്കവരും. അതിനിടക്ക്, തികച്ചും വ്യക്തിനിഷ്ഠമായ വിവാദപ്രസ്താവനകളിലൂടെയും വൈകാരിക പ്രകടനങ്ങളിലൂടെയും മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാൻ കച്ചകെട്ടി പുറപ്പെട്ട കൗശലക്കാർ ഒരു വശത്ത്. ഉന്നതങ്ങളിൽ പിടിപാടുണ്ടാക്കി അക്കാദമി അരങ്ങുകളും അവാർഡുകളും തട്ടിയെടുത്ത് "ഞാനോ... അയ്യോ, എന്താ ഈ പറയണേ... " എന്ന ഭാവവുമായി മുഖം മിനുക്കുന്നവർ മറുവശത്ത്. ഈ വക ലൊട്ടുലൊടുക്കുകൾക്കിടയിൽ യഥാർത്ഥ കലാകാരി/കാരൻ ആവിഷ്കാര പ്രതിസന്ധികളുമായി കഴിയുമ്പോഴാണ് ഗുരു മുതൽ ക്യാമറ-ലൈറ്റ് ആന്റ് സൗണ്ട് വരെ നിർലോഭം കൈക്കൂലി എറിഞ്ഞ് അമ്മനർത്തകിമാരുടെയും പെൺകഥകളിക്കാരുടെയും പടയോട്ടം.
(സ്ത്രീ സ്വാതന്ത്ര്യ ഹത്യാശ്രമം എന്നൊന്നും വിരട്ടിയിട്ട് രക്ഷപ്പെടാമെന്ന് വ്യാമോഹിക്കണ്ട, ആരും).
'ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ലാ'ത്ത ഈ ഇൻസ്റ്റന്റ് കഥകളിക്കാർക്ക് ആഹാര്യം മുതൽ മേളവും സംഗീതവും വരെ ഏറ്റവും മികച്ചത് തന്നെ വേണം താനും. സീനിയർ വേഷക്കാർ വരെ ഭയഭക്ത്യാദരങ്ങളോടെ ധ്യാനിക്കുന്ന കോട്ടയം കഥകളിലെ കൈലാസസമാനമായ വേഷങ്ങൾ തന്നെയായാലേ തികയൂ എന്ന ധാർഷ്ട്യം കൂടിയുണ്ട് ഇക്കൂട്ടരിൽ ചിലർക്കെങ്കിലും. തുടർന്ന് ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ത്രെഡ്സിലും ലൈക്കുകളും കമന്റുകളും നിറയുന്ന തോടെ ആനന്ദാതിരേകം. വർഷങ്ങളുടെ ആയാസപൂർണ്ണവും ത്യാഗനിർഭരവുമായ അനുധ്യാനത്തിലൂടെ സ്വായത്തമാക്കി എടുക്കേണ്ട ഒരു വിശിഷ്ട കലാരൂപം ഏതാനും ദിവസത്തെ കസർത്തിലൂടെ 'നേടിയെടുത്ത' അപൂർവ്വ തേജസ്സ് എന്നോ മറ്റോ ശീർഷകത്തിൽ ഒരു പത്രക്കുറിപ്പ് കൂടി തരപ്പെടുത്തുന്നതോടെ സായൂജ്യം.
ക്ലാസ്സിക് കലാരൂപങ്ങളുടെ ആഹാര്യസൗഭഗം അവയുടെ സമർത്ഥവും സമഗ്രവുമായ രംഗാവതരത്തോടെയാണ് സാർത്ഥകമാവുന്നത്, ആവേണ്ടത്. കഥകളി പോലെ ആഹാര്യസമ്പന്നമായ ഒരു കലാരൂപത്തിന്റെ കാര്യത്തിൽ വിശേഷിച്ചും. ആ നിലക്ക് അതിസങ്കീർണമായ രസാഭിനയത്തിന്റെയും ക്ലേശകരമായ മെയ്യഭ്യാസങ്ങളുടെയും ഗൗരവ പരിസരങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.
സ്വന്തം ശരീരം ഉൽകൃഷ്ടവും പരിപാവനവുമായ കഥകളി ആഹാര്യത്തിൽ പൊതിഞ്ഞു കാട്ടുന്നതിലുള്ള ആസക്തിയാണോ ചിലരിലെന്ന് ആരെങ്കിലും ചിന്തിച്ചു പോയാൽ അതിശയിക്കേണ്ടതില്ല. കാശുണ്ടെങ്കിൽ എന്തും സാധിതപ്രായമാവുന്ന കാലവും.
ഈ വസ്തുതകളെയൊക്കെ തുറന്നു പറയുന്നത് യാഥാസ്ഥിതികരുടെ ശാഠ്യമായി വക്രീകരിക്കുന്ന ദുഷ്പ്രവണത വ്യാപകമായി പ്രചരിപ്പിക്കുന്നതുവരെ കാര്യങ്ങൾ വഷളായിക്കഴിഞ്ഞു. ആർക്കും എന്തുമാവാം എന്ന അവസ്ഥ കഥകളിയും മോഹിനിയാട്ടവും പോലുളള കലാരൂപങ്ങളുടെ കാര്യത്തിൽ അനാശാസ്യം തന്നെ. പറയാതെ വയ്യ എന്നതുകൊണ്ട് മാത്രം ഇത്രയും കുറിച്ചു പോയതാണ്.
[ആസ്വാദക രംഗത്ത് പ്രകടമാവുന്ന ബാഹുല്യം പക്ഷെ താരതമ്യേന നിരുപദ്രവകരമാണെന്ന് സമാധാനിക്കാം. കാരണം അവരിൽ ഭൂരിഭാഗവും മേപ്പടി 'കലാരത്ന'ങ്ങളുടെ ബന്ധുക്കളോ ആശ്രിതരോ 'പെയ്ഡ്' അനുഭാവികളോ ആണ്.]
എത്രയും നിഷ്ഠാസമൃദ്ധമായ ഒരു ക്ലാസ്സിക് കലാമേഖലയിലേക്ക് ഇപ്രകാരം ഒരു അനധികൃത അധിനിവേശം നടക്കുന്നത് അറിഞ്ഞിട്ടും മൗനം ദീക്ഷിക്കുകയാണ് പലരും. കയ്യിൽ വരുന്ന അപ്രതീക്ഷിത പ്രതിഫലത്തിന്റെ കനം സൃഷ്ടിക്കുന്ന മഞ്ഞളിപ്പിൽ പകച്ച് "ദീപസ്തംഭം മഹാശ്ചര്യം..." എന്ന ന്യായത്തിൽ മുഖം തിരിക്കുന്ന കലാകാരന്മാരും വിരളമല്ല. പ്രായവും പക്വതയും ആവാത്ത കലാ വിദ്യാർത്ഥികളോട് ക്ഷമിച്ചാലും തഴക്കവും പഴക്കവും ആർജ്ജിച്ചവർ ഇത്തരം ധാർഷ്യത്തിന് കുടപിടിക്കുന്നുണ്ടെങ്കിൽ അവർ ഇക്കാര്യത്തിൽ പ്രതിസ്ഥാനത്ത് തന്നെയാണ്.
ചെറുപ്രായം മുതൽ കൊണ്ട് നടക്കുന്ന അദമ്യമായ അധിനിവേശത്തിന്റെ സാക്ഷാത്കാരം എന്ന നിലയിൽ നടക്കുന്ന അപൂർവ്വം ചില അരങ്ങുമോഹങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല, ഈ കുറിപ്പ് എന്നുകൂടി ഓർമ്മപ്പെടുത്തട്ടെ. പ്രത്യുത, പരിപാവനമെന്നും ശ്രേഷ്ഠമെന്നും വിശ്വസിച്ചുപോരുന്ന കഥകളി പോലുള്ള ലോകോത്തര കലാരൂപങ്ങളുടെ ഭാവിയിൽ ആശങ്ക പേറി കഴിയുന്ന ഒരു ന്യൂനപക്ഷത്തിന്റെ വ്യാകുലതയായി ഈ പ്രശ്നങ്ങൾ പരിശോധിക്കപ്പടേണ്ടതുണ്ട്.
സ്വസ്തി.