Thursday, July 18, 2024

കളിവിചാരം ആറ്

 കളിവിചാരം ആറ് 

===============

(രസാസ്വാദനത്തിന്റെ രസതന്ത്രം) 

**********************************

കഥകളി ആസ്വാദനത്തിന്റെ രസതന്ത്രം അതി വിചിത്രമായ ഒരു പ്രതിഭാസം തന്നെ. ആഹാര്യഭംഗിയുടെ പ്രൗഢിയിലും മുഖലാവണ്യത്തിന്റെ അലൗകികതയിലും ആകൃഷ്ടരാവുന്ന പ്രാഥമിക തലത്തിൽ തുടങ്ങി രസാസ്വാദനത്തിന്റെ ഗിരിശൃംഗം 

വരെ തുടരുന്ന സാമാന്യം ക്ലേശകരമായ ആസ്വാദന വിദ്യാഭ്യാസം നിസ്സാരമല്ല. പല ഘട്ടങ്ങളിലെ പഠനപരിശീലന ശീലങ്ങളിലൂടെ അനുവാചകമനസ്സ് ആർജ്ജിച്ചെടുക്കുന്ന സമഗ്രമായ ആസ്വാദനക്ഷമത ഒരമൂല്യ സമ്പത്തു തന്നെയാണ്. ആ പഠനയാത്ര സുഗമമല്ല; ആ പ്രക്രിയ ക്ഷിപ്രസാദ്ധ്യവുമല്ല.

വിദഗ്ധനും പരിചയസമ്പന്നനുമായ ഒരു ഗുരുസ്ഥാനീയന്റെ നിഷ്കാമമായ നിർദ്ദേശോപദേശങ്ങൾ അനിവാര്യമാണതിന് എന്നത് അനുഭവപാഠം. അസാമാന്യമായ ക്ഷമയും സഹിഷ്ണുതയും അതാവശ്യപ്പെടും. ഭൗതിക സ്ഥലകാലങ്ങൾക്കും ലൗകിക ധാരണകൾക്കും അതീതമാണ് രസാസ്വാദനത്തിന്റെ തത്വശാസ്ത്രം എന്ന് സാരം.

കഥകളിയിലെ രസാഭിനയത്തിന്റ ആദ്യ പാഠങ്ങൾ പഠിക്കുന്നത് പാലൂർ ആറ്റുപുറത്ത് മനയ്ക്കൽ വിരൂപാക്ഷൻ ഭട്ടതിരിപ്പാടിൽ നിന്നാണ്. (ഇന്ന് ഇല്ല).

ദീർഘകായനും പൊതുവേ ഗൗരവപ്രകൃതിയും ആയ ഭട്ടതിരിപ്പാട് വല്യേട്ടൻ എന്നാണ് അറിയപ്പെട്ടിരുന്നത്. കേവലം ഒരു കഥകളിക്കമ്പക്കാരൻ എന്നതിലുപരി ശാസ്ത്രീയമായി രസാസ്വാദനം വശമാക്കിയ ദേഹമായിരുന്നു. കഥയും കലാകാരന്മാരെയും നോക്കി, 'നന്നാവും' എന്ന് ബോദ്ധ്യമുള്ള കളികൾക്ക് മുടങ്ങാതെ എത്തുമായിരുന്നു, വല്യേട്ടൻ. കൂടെ കൊണ്ടുപോവുക മാത്രമല്ല, വലതുവശത്ത് ഇരുത്തി ആട്ടം വിവരിച്ചു തരും. അതും തന്റെ സ്വതസിദ്ധമായ സവിശേഷ ശൈലിയിൽ. ചെമ്മാണിയോട്ടും ഞാങ്ങാട്ടിരിയും കോങ്ങാട്ടും കോഴിക്കോട്ടും മറ്റ് കളിയിടങ്ങളിലും ഒഴിച്ച ഉറക്കം വെറുതെയായില്ല ഏന്നിന്ന് തോന്നുന്നു.

പുരികചലനം, കൺതടത്തിന്റെ തിരയിളക്കം, കവിളും ചുണ്ടും ഭാവാഭിനയത്തിന് കൂടുന്നത്, സാധകം തികഞ്ഞ കണ്ണിന്റെ ചലനവൈശിഷ്ട്യം, കേവലം നേത്രങ്ങൾ കൊണ്ട് കൈലാസത്തിന്റെ ആകാരം ഫലിപ്പിക്കുന്ന അഭിനയ വൈഭവം തുടങ്ങി രസാഭിനയത്തിന്റെയും രസാസ്വാദനത്തിന്റെ യും പ്രഥമവും പ്രബലവുമായ അനുഭവം ഉണ്ടാക്കിത്തന്നത് അദ്ദേഹമാണ്. 

വല്യേ പൂതം, ചെറ്യേ പൂതം എന്ന തലത്തിൽ മാത്രം കഥകളി കാണാൻ പോവുക, പതിഞ്ഞ പദം തുടങ്ങുന്നതോടെ സദസ്സിൽ തന്നെ ചുരുണ്ട് കൂടി ഉറങ്ങുക, പുലർകാല വേഷങ്ങളുടെ ആർപ്പും അട്ടഹാസവും മേളക്കസർത്തും കേട്ട് ഉണർന്നന്ധാളിക്കുക, ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഇളിഞ്ഞ ചിരി ചിരിക്കുക - ഇതായിരുന്നു അവസ്ഥ. അവിടെനിന്ന് ഉത്ഭവം രാവണനിലേക്കും ജരാസന്ധനിലേക്കും കൈപിടിച്ച് ഉയർത്തിയ വല്യേട്ടനെ ഏറെ കൃതജ്ഞതയോടെ മാത്രമേ ഓർക്കാനാവൂ. നാലാം ദിവസ ദമയന്തിയുടെ അന്തസ്സംഘർഷങ്ങൾ ശിവരാമാശാന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം എന്നായി. രാമൻകുട്ടി ആശാന്റെ കൈലാസോദ്ധാരണവും പാർവ്വതീവിരഹവും രാവണൻ എന്ന കഥാപാത്രത്തെ അനുഭവിപ്പിച്ച് അടിത്തട്ടിൽ ഉറപ്പിച്ചു തന്നു. രംഭാപ്രവേശം കഴിഞ്ഞുള്ള ആലസ്യം വാസുപിഷാരടിയെപ്പോലെ മറ്റാരും ചെയ്തു കണ്ടില്ല. നെല്ലിയോടിന്റെ ആശാരിയുടെ അതിവിനയത്തിൽ പൊതിഞ്ഞ ഫലിതവും മെയ് വഴക്കവും നൂതനാനുഭവമായി. പരിയാനമ്പറ്റ ദിവാകരന്റെ തൃഗർത്തനും ഗോപാലകൃഷ്ണന്റെ കീചകനും ഒരിക്കലും മറക്കാത്ത വിധം പാത്ര സ്വഭാവം ഉള്ളിലുറപ്പിച്ചു തന്നു. ഗോപ്യാശാന്റെ ലോകപാലന്മാരും ശിവരാമാശാന്റെ തീർന്നൂ സന്ദേഹവും നളചരിത സാഹിത്യ സാഗരത്തിന്റെ ആഴം കാട്ടിത്തന്നു. കഥയറിയാതെ ആട്ടം കാണുക എന്ന പ്രയോഗത്തിലെ പൊരുത്തക്കേട് ബോദ്ധ്യമായി. മറ്റൊന്നുമല്ല, ആട്ടം കാണാൻ കഥ അറിയേണ്ടതില്ല. അറിഞ്ഞതുകൊണ്ട് പറയത്തക്ക വിശേഷവുമില്ല. കീചകന്റെ 'മല്ലീശര വില്ലിനോട് മല്ലിടുന്ന നിന്റെ ചില്ലിലത കൊണ്ടെന്നെ തല്ലിടായ്ക'യും നരകാസുരന്റെ 'ബാലചന്ദ്ര ഫാലേ.....' യും കേകിയാട്ടവും കണ്ടനുഭവിക്കാൻ കഥയറിഞ്ഞിട്ടെന്ത് കാര്യം? കഥയറിയായ്ക എങ്ങനെ പ്രശ്നമാവും....? ഇമപോലും വെട്ടാതെ നോക്കിയിരിക്കുക. അത് മാത്രം മതി. 

രസാസ്വാദനത്തിന്റെ വേഷവഴി മാത്രമായിരുന്നില്ല വല്യേട്ടന്റെ ആസ്വാദന ലോകം. ഏറ്റവും ഇഷ്ടം തോന്നിയ കുറുപ്പാശാന്റെ(കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്) ആലാപന സൗഭഗം അറിഞ്ഞനുഭവിച്ചതും വല്യേട്ടന്റെ സഹവാസത്തോടെയാണ്. ഒട്ടും ഇഷ്ടപ്പെടാത്തതായി അക്കാലം തോന്നിയ ഗംഗാധരാശാന്റെ ജ്ഞാനവൈശിഷ്ട്യം പിൽക്കാലത്ത് ബോധിച്ചതും അക്കാല കളിഭ്രാന്തിന്റെ ശേഷപത്രം. (പാട്ടുവഴിയിലെ വൈവിധ്യങ്ങളെ ശാസ്ത്രീയമായി വ്യവച്ഛേദിച്ചൊന്നും വിശദീകരിക്കാൻ ധൈര്യം പോരെങ്കിലും ആന്തരിക ആസ്വാദനം 'കഴിച്ചൂട്ടും' എന്ന താളത്തിലെത്തി എന്ന് പറയാം. (പിൻതുടരാൻ ബുദ്ധിമുട്ടുള്ള മുദ്രാനുഭവ മുഹൂർത്തങ്ങൾ ഇപ്പോഴും അലട്ടാറുണ്ട് എന്നത് വാസ്തവം) പൊദാളാശാന്മാരുടെ (കലാ: കൃഷ്ണൻ കുട്ടി പൊതുവാളും അപ്പുട്ടിപ്പൊദുവാളും) മേളപ്രസാദം വേഷക്കാരുടെ കരുത്തും കരുതലുമാവുന്ന രസതന്ത്രവും അദ്ദേഹമാണ് ബോദ്ധ്യപ്പെടുത്തി തന്നത്. 

കളിക്കുമുൻപും പിൻപും അണിയറയിൽ ചെന്ന് കലാകാരന്മാരോട് സൗഹൃദം പുതുക്കുക, അഭിനന്ദനങ്ങൾ ആരോഗ്യകരമായ ഭാഷയിൽ അറിയിക്കുക, വിമർശനങ്ങൾ അനിഷ്ടം കലരാതെയും വാത്സല്യം വിടാതെയും കൈമാറുക തുടങ്ങിയ ആസ്വാദക മര്യാദകൾ വരെ ആ കളിപാഠങ്ങൾ പറയാതെ പഠിപ്പിച്ചു. നിനയ്ക്കാതെ, കൂട്ടുകാർ ക്കിടയിൽ എനിക്ക് മാത്രമായി വീണുകിട്ടിയ ആ അസുലഭ സൗഭാഗ്യത്തിൽ എനിക്കുള്ള കൃതജ്ഞതയായി ഈ മുറിക്കുറിപ്പ് വലിയ ആരോ ആയിരുന്ന വല്യേട്ടന് സമർപ്പിക്കുന്നു;

സ്വസ്തി.

No comments:

Post a Comment