Tuesday, February 27, 2018

വനരോദനം(കവിത)

വനരോദനം
എവിടന്നു വന്നീ രുധിരപ്പാടുകൾ ?

എഴുത്തുമേശക്കാൽചുവട്ടിലുണ്ടൊന്ന്
അകത്തെ തീൻമേശപ്പുറത്തുമുണ്ടൊന്ന് 
ഉറങ്ങും തൊട്ടിലിൻ ചുവട്ടിലുണ്ടൊന്ന്
അടഞ്ഞ മച്ചിൻറെ കതകിലുണ്ടൊന്ന്

ചിതറിച്ചിന്നിയ രുധിരപ്പാടുകൾ.

പുലർച്ചെ പത്രത്തിൻ തിളങ്ങുമക്ഷര
ക്കറുപ്പിലും ചോര പൊടിഞ്ഞു കാണുന്നു
ബലിമൃഗത്തിൻറെ ഞരക്കത്തോടൊപ്പം
തിളച്ചരക്തത്തിൻ ചുവ പരക്കുന്നു.

നടവഴികളിൽ തൊഴിലിടങ്ങളിൽ
ചുവന്ന ചോരച്ചാലരിച്ച് നീങ്ങുന്നു.
കിനാവിലുമുണർവ്വിലും നിരന്തരം  
പിടിതരാതിതു പടർന്നുകേറുന്നു.

ഭയവുമാധിയും വളരുന്നു ദിന
സരികളൊന്നൊന്നായിടഞ്ഞു തെറ്റുന്നു;
പറഞ്ഞു പങ്കിടാനരുതാത്തതെന്തോ
ഉറഞ്ഞു തുള്ളുന്നുണ്ടകത്തു തീക്ഷ്ണമായ്  

പിറകിലെത്രയോ കാതമകലെയെൻ
മറുതല മെല്ലെ ഇഴഞ്ഞു നീങ്ങുമ്പോൾ
വെറുതെയാകുന്നു വിജയഗാഥകൾ
മുറിഞ്ഞുപോകുന്നു വചസ്സുമോജസ്സും


പെരിയോരാരവമുയരുന്നു സ്ഥല-
ജലവിഭ്രാന്തിപെരുകുന്നു പിന്നിൽ
മതിഭ്രമം വന്നു നില മറന്നവർ
അവർക്കു കൈയൂക്കും തെറിയും ഭൂഷണം!

ഒരു പിടിപ്പുല്ലു കവർന്നൊരാടിനെ
രുധിരഖഡ്ഗത്താലരിഞ്ഞുവീഴ്ത്തുന്നു 
വിജയഭേരിയിൽ മതിമറന്നിവർ
വികൃതഭീഭൽസ രസം രുചിക്കുന്നു

ബധിരകർണ്ണങ്ങളുദരനോവിൻറെ
മൃദുവിലാപങ്ങളറിയുമെങ്ങനെ
ഇരന്ന ഭിക്ഷയ്ക്കും കവർന്ന ചോറിനും 
ഇരകളൊന്നൊന്നായ് ബലികളാവുന്നു.

ഒരു തലോടലിൻ മൃദുസ്പർശമില്ല
ഒരു സാന്ത്വനത്തതിന്നലിവുണർന്നില്ല
കരളുടഞ്ഞുപോമലമുറയിന്നാ
ശിലകളെപ്പോലുമലിയിച്ചീടുന്നു.
 
കഴുകിമാറ്റില്ല  രുധിരപ്പാടുകൾ
കറകളായവ കിടക്കട്ടെ, എണ്ണി
കണക്കുതീർക്കുവാനൊരുനാൾ കാടിൻറെ
യരുമകൾ പടയൊരുങ്ങും നാൾ വരെ.

27-02-2018

Wednesday, January 24, 2018

തായ്മനം
 “അച്ഛനെ കിടത്തിയിരുന്ന അതേ ആസ്പത്രിയിലേക്കുതന്നെയാണോ?”
തികച്ചും 'അപ്രസക്ത'മായ ചോദ്യം ശൂന്യതയിൽ ലയിച്ചു.
അരോഗദൃഢഗാത്രനായിരുന്ന പിതാവിനെ
മൾട്ടിസ്പെഷ്യലിറ്റി സൗകര്യങ്ങളോടെ
ചികിൽസിപ്പിച്ച് മരിപ്പിച്ച സ്നേഹസമ്പന്നരായ മക്കൾക്ക്
അമ്മയോടുമുണ്ടല്ലോ തുല്യബാധ്യത.....
മക്കളുടെ ആസൂത്രിത ബാധിര്യത്തിൽ മനം മടുത്ത്
മുഖം തിരിക്കുന്ന തായ്മനം.
ആതുരാലയത്തിൻറെ പീഡനമുറിയിൽ
തീവ്രപരിചരണസെല്ലിൽ  വൃദ്ധ മാതൃത്വം 
മാസ്ക്കും വയറുകളും കൊണ്ട് ബന്ധിതയായി
ശ്വാസം മുട്ടിക്കിടന്നു; മക്കളുടെ ദുർഗതിയോർത്ത്.


"നല്ല കുറെ പുതിയ ടെസ്റ്റുകളും
അത്യന്താധുനികമായ ചില എക്വിപ്മെൻസും....
-ഇത് ഞങ്ങളുടെ എക്സ്ക്ലൂസീവ് ആണ് കേട്ടോ-
നോക്കുകയല്ലേ...."
മീൻമാർക്കറ്റിലേതിനെക്കാൾ സമർത്ഥമായ വാക്ചാതുരി......
സൗമ്യമായ, കാരുണ്യം കിനിയുന്ന പ്രലോഭനങ്ങൾ....
"സ്വന്തം മക്കൾക്കുണ്ടാകില്ല ഇത്രയും സ്നേഹം...."
അയൽവാസികളുടെ അടക്കം പറച്ചിൽ.
"അമ്മക്ക് ഒന്നിനും ഒരു കുറവും വരരുത്.
ഇന്ന് ദൈവം സഹായിച്ച്... അതിന് ബുദ്ധിമുട്ടില്ല..."
വിലകൂടിയതും വിദേശിയും
മറ്റാർക്കും വിട്ടുകൊടുക്കാതെ സ്വന്തമാക്കി ശീലിച്ച മക്കൾ
നിർലോഭം എഴുതി ഒപ്പിട്ടുകൊടുക്കുന്നു.

പിച്ചവെക്കാൻ തുടങ്ങിയ നാളുകളിൽ
കുരുന്ന് മനസ്സുകൾക്ക് സാന്ത്വനമേകിയ
ഉടഞ്ഞ മാറിടത്തിൻറെ വേലിയേറ്റങ്ങൾ
സ്കാനിങ്ങിൽ വ്യക്തമായില്ല.
എന്നോ വറ്റിപ്പോയ മുലപ്പാലിൻറെ ഗ്രാഫുകളും
സ്ക്രീനിൽ തെളിഞ്ഞില്ല.
ബില്ലിലെ സാംഖ്യമറിമായം ഇരച്ചുകയറുന്നതിനൊത്ത്
സി ജി താണുതാണുവന്നു.
മരമണ്ടന്മാരായ മക്കളെയോർത്ത് ഫലിതം പറഞ്ഞു ചിരിക്കാൻ
സി യുവിലെ മാലാഖമാരേ ഉണ്ടായുള്ളൂ.
മരിക്കാൻപോലും അവസരം ലഭിക്കാതെ
ഒരു മാതൃശരീരംകൂടി നിശ്ചലമായി.

സുഖമായി ജീവിക്കാനല്ല, ഭാഗ്യം ചെയ്യേണ്ടത്;

സുഖമായി മരിക്കാനാണ്.  
മുഖപുസ്തകത്താൾ

കഥകൾ-കവിതാപ്രഹസനങ്ങൾ പിന്നെ
ശ്ലഥ-വീര്യ വ്യക്തിപ്രകാശന ഗോഷ്ടികൾ,
കഥന കൗതൂഹലങ്ങൾ, ഗർവ്വഘോഷങ്ങൾ
വ്യഥകൾ, വെറുംവാക്പയറ്റുകൾ ദൃശ്യങ്ങൾ
ഗതകാല സ്മരണാ വിലാപ വീൺവാക്കുകൾ
അതിഘോരദൃശ്യങ്ങൾ പിന്നെ പ്പരസ്പര-
സ്തുതിഗീതഭാഷ്യങ്ങൾ, ഉദ്ധരണിഹാരങ്ങൾ
സ്ഥിതബുദ്ധി ശൂന്യമാമുദ്ദീരണങ്ങളും.
ചടുലവാചാലമീ മുഖപുസ്തകത്താളി -
ലടിയുന്നൊരായിരം ജൽപ്പനങ്ങൾ തമ്മി-
ലിടയുന്നു, പൊരുതുന്നു, ചാത്തോടുങ്ങീടുന്നു
കെടുകാല വൈചിത്ര്യമെന്തഹോ..... ദുസ്സഹം...!

Mohandas Romanta
മഹാപ്രസ്ഥാനം
പതിയേ നടന്നീടുക........
പതിയേ നടന്നീടുകോമൽ സുതാൽമജാ
ഭയലേശമില്ലാതെയീ ചരൽപ്പാതയിൽ
വഴി മറന്നീടാതെ യിക്കൊടും ഗ്രീഷ്മത്തി-
ലുരുകിത്തളർന്നിടാ തിടറാതെ ജാഗ്രമായ്........... പതിയേ നടന്നീടുക........
പഴകിത്തഴമ്പായ് പരുത്ത കൈവെള്ളയിൽ
വിരൽ കോർത്തിടാതെ കൈവീശി സ്വാതന്ത്രനായ്‌
ജിതനായ് നടന്നീടുക നിൻ പിതാമഹ-
ന്നിതു മഹാപ്രസ്ഥാനകാലം......

ഇനി വാഴ്വു തുടരാനശക്തൻ
ഇനി വാഴ്വു തുടരാനശക്തനീ വാർദ്ധക്യ 
വെറികളിൽമുരടിച്ചുപോയ് ഇന്ദ്രിയങ്ങൾ    
തെരുവിലെ നിണപ്പുഴകളിരുളിൻറെ മറവിലെ
ച്ചതികളാത്മാഹുതികളപഥസഞ്ചാരങ്ങൾ
അറവുശാലകളാകുമീ കലാശാലകളു-
മധികാരവെറികളുടെ ചുടലനൃത്തങ്ങളും
നിഴൽ വീഴ്ത്തി ഇരുളാക്കിയീ വൃദ്ധനേത്രങ്ങൾ 

കളനാദവും കിളിക്കൊഞ്ചലും കാറ്റിൻറെ
മൃദുമർമ്മരങ്ങളും മാഞ്ഞുപോയ് ദീനമാം
വനരോദനങ്ങളും വ്യഥയുമാക്രോശവും
ദുരിതകാലത്തിൻ വൃഥാവിലാപങ്ങളും
പുലരിയിലെ യന്ത്രവാൾ സീൽക്കാരനാദവും
ധരണിയുടെ പുണ്ണുമാന്തും യന്ത്രകാഹളവു
മടിയേറ്റു പുളയുന്ന നിലവിളികളും കൊണ്ടു 
ബധിരമായ്പ്പോയെൻറെ ശ്രവണേന്ദ്രിയങ്ങളും 

--1--
ദുരമൂത്ത വർണ്ണ വിദ്വേഷ വിഷ വർഷവും
വഴിയരികിലഴുകുന്ന മാംസപിണ്ഡങ്ങളും
അഴിമതികളും കുടിലതന്ത്രങ്ങളും തീർത്ത 
ദുരിതഗന്ധങ്ങളാൽ സഹികെട്ടു നാസികയു
മനുസരണ വെടിയുന്നു, പണിമുടക്കുന്നൂ.
      
കവലകളിലാർത്തി തീർക്കാൻ ചമച്ചിട്ടൊരീ  
കടൽകടന്നെത്തുന്ന കപടസംസ്കാരവും
വിഷവിത്തുപേറുന്ന വിപണിയുദ്ധങ്ങളും 
രസലേപനങ്ങളും വാഗ്ദാനഘോഷവും
രുചിമുകുളജാലത്തെ വികലമാക്കുന്നൂ....
കെടുകാലസൂര്യതാപാഘാതമേറ്റെൻറെ
തൊലിയുംവരണ്ടുപോയ്; ഊഷ്മള സ്പർശങ്ങ-
ളറിയുവാനാവാതെ വിഫലമാകുന്നൂ...... ഇനി വാഴ്വു തുടരാനശക്തൻ

ഒരുകാലമൂർജ്ജം പകർന്ന വചനങ്ങളും
വരികളും വരകളും വാഗ്വിലാസങ്ങളും
നടനവും നവരസമുതിർത്ത ഭാവങ്ങളും
ശ്രവണലേപംപോലെ ഹൃദയം കുളിർപ്പിച്ച
സ്വരരാഗ വർഷവും സുരവാദ്യഘോഷവും
ഗതകാല സുകൃതങ്ങൾ  ഇനി വരാ സുഭഗങ്ങൾ
അവയെൻറെ ഭാഗധേയങ്ങൾ സുതാത്മജാ..........
അവ  നിൻ കുരുന്നു ബാല്യത്തിൻറെ താളുകളി
ലെഴുതിടാം വിറയാർന്നൊരോർമ്മയാലിന്നു ഞാൻ 
വരികൾക്കിടയ്ക്കു വായിച്ചർത്ഥമുൾക്കൊണ്ടു
വിലയിരുത്തീടുക; കാണാതെ ഞാൻ പോയ
ഗഹനതത്വങ്ങളുൾക്കൊള്ളുക; നിൻറെ പിൻ-
തലമുറയ്ക്കായ് മൂർച്ഛ ചേർത്തു കൈമാറുക
അതു നിൻറെയാസന്ന ദൗത്യം  - ഇതെൻറെയും 
--2—
ഇരുളാണു ചുറ്റുമീ പാതയോരങ്ങളിൽ
നിഴലുകൾ പതിയിരിക്കുന്നൂ......
ഗതകാല പൊറുതികൾ നമുക്കു സമ്മാനിച്ച
ദുരിതഭാരം കനക്കുന്നൂ......
ഇടറുന്നു ചുവടുകൾ വിറകൊൾവു ദേഹവും
മറവിയും വന്നു പിണയുന്നൂ.......
വഴിവിളക്കില്ലൂന്നു വടിയില്ല തുണയില്ല
തണലറ്റ പാത പൊള്ളുന്നൂ.......  
തുളവീണ തകരപാത്രം കണക്കിന്നുഞാ-
നുരുളുന്നലക്ഷ്യമായെങ്ങോ.......
വിരലിൽ പിടിച്ചൊട്ടു വഴിനടത്തീടുകി-
പ്പഥികനെ പിന്മുറക്കാരാ......നിൻ
മൃദുലപാദങ്ങൾ പിൻതുടരട്ടെ ഞാൻ  എൻറെ
അഴലും പരാതിയും പരിദേവനങ്ങളും
അറിവിന്നഹന്തയുമറംവന്ന ചിന്തയും
പിറകോട്ടെറിഞ്ഞുടച്ചീടാം വിരാഗിയായ്   
തൊഴുകൈകളോടെത്തിരിഞ്ഞു നോക്കീടാതെ
പതിയേ നടന്നിടാം ഇനി മഹാപ്രസ്ഥാന
കുതുകമേ ബാക്കിയീ വാഴ്വിൽ.


മൃതഭൂമിയാമിക്കുരുക്ഷേത്രമണ്ണിൽഞാൻ
ഗതികെട്ടൊരാത്മാവശാന്തൻ  
തുണയറ്റ ബന്ധുജന ശാപശരവർഷത്തെ
യഭിമുഖം ചെയ്യാനശക്തൻ
ഇനിയില്ലെതിർപ്പുകൾ, സമരപിടിവാശികൾ
ഇനിയില്ല ദിഗ്വിജയ മോഹങ്ങളാർത്തികൾ
അഴിയുന്നു പോർച്ചട്ട, വഴുതുന്നു ഖഡ്ഗവും
കൊഴിയുന്നു പല്ലും നഖങ്ങളും ധാർഷ്യവും

--3--
അകലുന്നു സൗഹൃദങ്ങൾ ആത്മബന്ധങ്ങ-
ളണിയറയിൽ മറയുന്നു പരിവാരവൃന്ദവും
വിധിപോലെ വീഴുന്നു സഹജരും പത്നിയും

ഇനിയീ അരങ്ങിലെന്നേകാംഗ ഗോഷ്ടികൾ
സഹനടന്മാരില്ല, സംഭാഷണങ്ങളി
ല്ലനുബന്ധ താളമില്ലില്ല ദ്രഷ്ടാക്കളും
അധികരംഗങ്ങളില്ലിതു സമാപിയ്ക്കയാ-
യൊടുവിൽ തിരശ്ശീല താഴുന്നതിൻ മുൻപു
ഭാരതവാക്യം ചൊല്ലിയണിയറയിലെത്തിയീ
ച്ചമയങ്ങളൂരണം, ചായം തുടയ്ക്കണം
അഴുകി ജീർണ്ണിച്ചോരീ മുഖപടം മാറ്റണം 
മിഴിനീരിലൊട്ടു മുങ്ങിശ്ശുദ്ധമാകണം
ഇനി മഹാപ്രസ്ഥാനകാലം.........

ഒരപേക്ഷമാത്രം......
ഒരപേക്ഷമാത്രമീ ഗതകാല യാത്രയിൽ
പരിഭവം പറയാതെ പരുഷവാക്കോതാതെ
തഴുകിത്തലോടിയെൻ മുറിവിലൂതിത്തന്നു
ദുരിതഭാരങ്ങളിൽ നിഴലായി നിലകൊണ്ട
പൊരുളൊന്നു കൂടെയുണ്ട്...........................
ഒരപേക്ഷമാത്രമീ ഗതകാല യാത്രയിൽ
പരിഭവം പറയാതെ പരുഷവാക്കോതാതെ
തഴുകിത്തലോടിയെൻ മുറിവിലൂതിത്തന്നു
ദുരിതഭാരങ്ങളിൽ നിഴലായി നിലകൊണ്ട
പൊരുളൊന്നു കൂടെയുണ്ടതിനെ ത്യജിക്കുവാൻ
പറയായ്ക ധർമ്മദേവാ.........എനിയ്ക്കതൊര-
നർഹ സൗഭാഗ്യമെൻ ചിരകാലസുകൃതം.
Xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


--4--