തായ്മനം
“അച്ഛനെ കിടത്തിയിരുന്ന അതേ ആസ്പത്രിയിലേക്കുതന്നെയാണോ?”
തികച്ചും 'അപ്രസക്ത'മായ ആ ചോദ്യം ശൂന്യതയിൽ ലയിച്ചു.
അരോഗദൃഢഗാത്രനായിരുന്ന പിതാവിനെ
മൾട്ടിസ്പെഷ്യലിറ്റി സൗകര്യങ്ങളോടെ
ചികിൽസിപ്പിച്ച് മരിപ്പിച്ച സ്നേഹസമ്പന്നരായ മക്കൾക്ക്
അമ്മയോടുമുണ്ടല്ലോ തുല്യബാധ്യത.....
മക്കളുടെ ആസൂത്രിത ബാധിര്യത്തിൽ മനം മടുത്ത്
മുഖം തിരിക്കുന്ന തായ്മനം.
ആതുരാലയത്തിൻറെ പീഡനമുറിയിൽ
തീവ്രപരിചരണസെല്ലിൽ വൃദ്ധ മാതൃത്വം
മാസ്ക്കും വയറുകളും കൊണ്ട് ബന്ധിതയായി
ശ്വാസം മുട്ടിക്കിടന്നു; മക്കളുടെ “ദുർ”ഗതിയോർത്ത്.
"നല്ല കുറെ പുതിയ ടെസ്റ്റുകളും
അത്യന്താധുനികമായ ചില എക്വിപ്മെൻസും....
-ഇത് ഞങ്ങളുടെ എക്സ്ക്ലൂസീവ് ആണ് കേട്ടോ-
നോക്കുകയല്ലേ...."
മീൻമാർക്കറ്റിലേതിനെക്കാൾ സമർത്ഥമായ വാക്ചാതുരി......
സൗമ്യമായ, കാരുണ്യം കിനിയുന്ന പ്രലോഭനങ്ങൾ....
"സ്വന്തം മക്കൾക്കുണ്ടാകില്ല ഇത്രയും സ്നേഹം...."
അയൽവാസികളുടെ അടക്കം പറച്ചിൽ.
"അമ്മക്ക് ഒന്നിനും ഒരു കുറവും വരരുത്.
ഇന്ന് ദൈവം സഹായിച്ച്... അതിന് ബുദ്ധിമുട്ടില്ല..."
വിലകൂടിയതും വിദേശിയും
മറ്റാർക്കും വിട്ടുകൊടുക്കാതെ സ്വന്തമാക്കി ശീലിച്ച മക്കൾ
നിർലോഭം എഴുതി ഒപ്പിട്ടുകൊടുക്കുന്നു.
പിച്ചവെക്കാൻ തുടങ്ങിയ നാളുകളിൽ
കുരുന്ന് മനസ്സുകൾക്ക് സാന്ത്വനമേകിയ
ആ ഉടഞ്ഞ മാറിടത്തിൻറെ വേലിയേറ്റങ്ങൾ
സ്കാനിങ്ങിൽ വ്യക്തമായില്ല.
എന്നോ വറ്റിപ്പോയ മുലപ്പാലിൻറെ ഗ്രാഫുകളും
സ്ക്രീനിൽ തെളിഞ്ഞില്ല.
ബില്ലിലെ സാംഖ്യമറിമായം ഇരച്ചുകയറുന്നതിനൊത്ത്
ഇ സി ജി താണുതാണുവന്നു.
മരമണ്ടന്മാരായ മക്കളെയോർത്ത് ഫലിതം പറഞ്ഞു ചിരിക്കാൻ
ഐ സി യുവിലെ മാലാഖമാരേ ഉണ്ടായുള്ളൂ.
മരിക്കാൻപോലും അവസരം ലഭിക്കാതെ
ഒരു മാതൃശരീരംകൂടി നിശ്ചലമായി.
സുഖമായി ജീവിക്കാനല്ല, ഭാഗ്യം ചെയ്യേണ്ടത്;
സുഖമായി മരിക്കാനാണ്.
No comments:
Post a Comment