Wednesday, January 24, 2018

()ശാന്തിതീരസ്മരണകൾ
തപ്തജന്മച്ചിതാഭസ്മമേന്തി ഞാൻ
നിൽപിതാ ശാന്തിതീരത്തലക്ഷ്യനായ്  
അൽപ നേരമിരിക്കട്ടെ ഞാനീയ-
നൽപ്പ ദുഃഖസ്മൃതീ തീരവീഥിയിൽ

ജന്മദാതാവിനാന്ത്യാവശിഷ്ടം നി-
മഞ്ജനം ചെയ്തു ധന്യനായ് നിൽക്കവേ
മുന്നിലീ നിളാത്മാവിൻ ദുരവസ്ഥ
കണ്ടു നൊന്തുപോവുന്നൂ കരൾത്തടം.

സ്വാർത്ഥമോഹങ്ങളൂറ്റിക്കറന്നൊരീ
നീർത്തടം കാൺകെയോർത്തുപോകുന്നുഞാൻ
പ്രാക്തന പ്രൗഢിയാർന്ന നിളാനദീ-
തീർത്ഥ സമ്പന്ന യൗവ്വനസ്സൗഭഗം.

ദൂരെ വിണ്ണിൻറെ നീലനാട്ടിൽനിന്നു
പാറിവന്നു പതിച്ച മേലാടപോൽ
നൂറുനാട്ടിന്നു പുണ്യമായ് ഭാരതീ
യാറൊഴുകീ അനന്ത ഗംഭീരയായ്

[തോർത്തുമുണ്ടിൽ പരൽമീൻ പിടിച്ചതും
ആർത്തുനീന്തി ത്തുടിച്ചു മദിച്ചതും
നേർത്തൊരാതിരാ രാവിൽ പരസ്പരം
ചേർത്തു കെട്ടിപ്പുണർന്നുമ്മവെച്ചതും

തീക്ഷ്ണ യവ്വനാസ്‌തിത്വ വ്യഥകളിൽ 
മൂർത്തസാന്നിദ്ധ്യമായിവൾ ഉള്ളിൻറെ
നീറ്റ ലൂതി തണുപ്പിച്ചതും ഇന്നു-
മോർത്തു നൊമ്പരം കൊള്ളുന്നു മാനസം.]


താളമിട്ടീ മുളംകാടിലച്ചാർത്തു
പീലികൊണ്ടതിൽ ചിത്രം ചമച്ചതും,
ഓള മർമ്മരം കേൾക്കാൻ മരങ്ങളീ
മാറിലേക്ക് ചെവിയോർത്തണഞ്ഞതും,

ആർത്തവാലസ്യ ഭാവത്തിലും ജല-
ദ്ധൂർത്ത ഗർഭസ്ഥ രൂപത്തിലും നിറ-
ഞ്ഞാർത്തലച്ചു കുതിച്ച കാലം കണ്ട-
തോർത്തു നിർവൃതിക്കൊൾക ഗത്യന്തരം.

കാടകത്തിൻ സുഗന്ധവും ഔഷധ-
ച്ചൂരുമേന്തിയീ ത്താഴ്വാര ജീവിതം
ക്ഷീരമൂട്ടി പ്പൊലിപ്പിച്ചു സംസ്കാര
ബീജവാപം നടത്തീ നിളാനദി.

ആര്യഗോത്ര സ്മൃതികളും വേദാന്ത-
സാരസർവ്വസ്വ മാമാങ്ക ഘോഷവും
പൂർവ്വ സൂരികൾ ധ്യാന യോഗങ്ങളാ 
ലാവഹിച്ച പരബ്രഹ്മ സത്യവും

ജാതിഭേദം മറന്നു പന്ത്രണ്ടുപേർ
താതവര്യന്നു ശ്രാദ്ധമർപ്പിച്ചതും
ആ തിലോദകം സ്വീകരിച്ചീനിളാ-
തീരമന്നേറെ ധന്യമായ്ത്തീർന്നതും

രാഗവിസ്താര സായന്തനങ്ങളും
താളവിസ്മയം തീർത്ത പൂരങ്ങളും
ചോടുറപ്പിച്ചരങ്ങിൽ കനം വന്ന
കേശഭാരവും വെൺചാമരങ്ങളും 

ചേലിലക്ഷരജ്ജാംബവാൻ കൂട്ടാല
വാണിരുന്ന ചേലക്കരച്ചാത്തുവും
കൂടലൂരിൽ കുരുത്തു കരുത്താർന്ന
സാഹിതീവൃക്ഷ ശീതള ഛായയും

പേരെടുത്തു പറഞ്ഞാലൊടുങ്ങാത്ത
നൂറുനൂറൽഭുതങ്ങൾക്കരങ്ങായൊ-
രീനദീതടം കത്തും ജഡച്ചൂടിൽ 
നീറീനീറി ദഹിക്കുന്നു നിത്യവും.

നീലമേഘം മുഖം നോക്കി ലജ്ജിച്ച
നീലനേത്രങ്ങളിന്നു പാഴ്പ്പുറ്റുകൾ...!
കൊടിപുണ്യം ചുരന്ന വക്ഷസ്‌തടം
പാലുവറ്റിച്ചുളിഞ്ഞ പാഴ്‍ഞെട്ടുകൾ.

തോറ്റുപോയ് ശസ്ത്ര-ശാസ്ത്രങ്ങൾ തത്വങ്ങ-
ളൂറ്റമേറുമധികാര ഗർവ്വങ്ങൾ
പോറ്റി നമ്മെ രക്ഷിച്ച മാതൃത്വത്തെ
നീറ്റിടുന്നന്ത്യനാളിൽ കൃതഘ്നർ നാം.

നീരൊഴുക്കില്ല നീരാട്ടുമില്ലിന്നു
ചോരവാർന്നു ഞരമ്പും ക്ഷയിച്ചുപോയ്‌
സാധ്യമല്ലിനിപ്പൂർവ്വപ്പുനർജ്ജനി
ഹാ..! നിളാതർപ്പണത്തിൻ മുഹൂർത്തമായ്

നേരുചൊല്ലിയാല ന്ത്യോപചാരത്തി-
നാരുമില്ലിറ്റു നീരില്ലരക്ഷണം
നേരമില്ലാർക്കുമോരോ തിരക്കിലീ
പേരുപോലും മറന്നു പോം നാളെ നാം.
 

ധൂപപാളിച്ചുരുളുയർന്നീടുന്നു 
ജീവമുക്തയാകുന്നൊരാത്മാവിതാ
നോവുമക്ഷരപ്പൂക്കളമ്മേ നിൻറെ
പാദപത്മത്തി ലർപ്പിച്ചിടട്ടെ ഞാൻ

ഊഴമിട്ടീ പിതൃപ്പിണ്ട ഭാണ്ഡങ്ങൾ
പെറിയെത്തുകീ ശാന്തിതീരത്തു നാം
നീചർ നാം ചെയ്ത പാപ പ്രാശ്ചിത്ത
മായതൊന്നേ കൃതാർത്ഥം നമുക്കിനി.

  




No comments:

Post a Comment