തിലോദകം 05-03-2016
ഒരുകോടിയാത്മപ്രണാമം
മഹാശയാ......
സുരലോകമിന്നു
സുകൃതംചെയ്തു നിൻപുണ്യ
പദരേണുവേൽക്കുവാൻ
കൃതഹസ്തനാംകവേ
ഒരുപാടുകാലമേതൊരു
മുഗ്ധഗീതിതൻ
സുകൃതഫലമേറ്റേ
കൃതാർത്ഥയായ് കൈരളി
കവിതപൂത്താർദ്രസ്സുഗന്ധവാതങ്ങളാൽ
മുറിവൂതി
സാന്ത്വനംചൊരിയുമാ വടവൃക്ഷ
മിനിയില്ല നാഥമായിന്നുവൃന്ദാവനം
പരസഹസ്രങ്ങൾക്കു
തണലേകിയക്ഷര
ക്കനിയായിമരുവിയൊരു
ഗായകാ കഴലിണയി
ലൊരുപിടിയക്ഷരപ്പൂക്കളാലിന്നിതാ
ഗുരുപൂജ ചെയ് വൂ
പ്രണാമം മഹാമതേ.....
ഫലകങ്ങളും
താമ്രപത്രങ്ങളുംനൽകി
യിവർനിന്നെവാഴ്ത്തിക്കൃതാർത്ഥരായെങ്കിലും
പിതൃതുല്യവാത്സല്യമൂറീടുമാസ്നിഗ്ധ
വരികളിലനാരതം നീ
ചെയ്ത താക്കീതു
പരിഗണിച്ചില്ലാരുമൊട്ടും
വരുംകാല
ദുരിതങ്ങളറിയിച്ചുകൊണ്ടേയിരുന്നനിൻ
ഗുരുവചനമൊന്നുമുൾക്കൊണ്ടതില്ലിന്നിതാ
ദുരിതകാലം വന്നു
മുടിയുന്നു തട്ടകം
മൃദുവദനസുസ്മേര
കുശലങ്ങളകലുന്നു
കരുണാർദ്ര
നയനങ്ങൾ മിഴി പൂട്ടിയണയുന്നു
കടുവചനഘോഷങ്ങളതിചടുലതാളങ്ങൾ
ത്വരിത വേഗങ്ങൾ
നിണം ചാർന്ന വാർത്തകൾ
സമരഘോഷാക്രന്ദനങ്ങൾ
വൃഥാസ്ഥൂല
കഥനങ്ങൾ
ഞൊറിവെച്ചവചനങ്ങൾ നുണകളാ
ലിഴകോർത്ത
വാഗ്ദാനവർഷങ്ങ ളതിഗൂഢ
ചതികളൊളിപാർക്കുന്ന
വാഗ്വിശേഷങ്ങളാ
ലതി കഠിനദുസ്സഹം,
ഇതു കെട്ട കാലം....
സുകൃതീ ക്ഷമിയ്ക്ക പിതാമഹാ കുഞ്ഞുങ്ങൾ
വിവരവും
വൃദ്ധിയുമാർജ്ജിച്ചഹന്തയാ
ലതിഗർവ്വുകൊണ്ടുഞെളിഞ്ഞുനടക്കിലും
വകതിരിവറ്റവർ,
മാപ്പു നൽകീടുക
കൃതപാപഭരാൽ
കുനിഞ്ഞ ശിരസ്സുമാ
യിനിയാ മഹാമേരുതൻ
ചിതാഭസ്മത്തി
ലൊരു
കണ്ണുനീർക്കണം തൂവിടട്ടെ, ഞങ്ങ
ളിനിമേലനാഥരീ
ശാർങകപ്പക്ഷികൾ
No comments:
Post a Comment