Thursday, July 18, 2024

കളിവിചാരം ഏഴ്

 കളിവിചാരം ഏഴ് 

==============

(അനധികൃത അധിനിവേശം)

******************************

കഥകളി രംഗം പുഷ്ടി പ്രാപിച്ചു എന്ന് തോന്നിക്കും വിധം അരങ്ങിലും ആസ്വാദന രംഗത്തും അഭൂതപൂർവമായ ഇരച്ചു കയറ്റം നടക്കുന്ന കാലമാണല്ലോ. അരങ്ങിലെ പുതുമുഖ വേഷക്കാരുടെ സാന്നിദ്ധ്യവും സദസ്സിലെ പുതുയുവ ആസ്വാദകരുടെ ബാഹുല്യവും അങ്ങനെയൊരു ധാരണ പരത്തന്നുണ്ടെങ്കിൽ അത് പുനപ്പരിശോധിക്കേണ്ടതുണ്ട്.

പേരിനൊരു മോഹിനിയാട്ട പഠിതാവിനെ തിരഞ്ഞ് നടന്ന് മടുത്ത വള്ളത്തോളിന്റെ അനുഭവം വായിച്ചും പറഞ്ഞുകേട്ടും അറിഞ്ഞിട്ടുണ്ട്. ആരാദ്ധ്യനായ കെ ജി പൗലോസ് സാർ ഒരിക്കൽ ഒരു വേദിയിൽ സൂചിക്കുകയുണ്ടായി, കഥകളിക്ക് ചേരാൻ കുട്ടികളെ കിട്ടുന്നില്ല എന്ന ആധി പങ്കു വെക്കുന്നവരിൽ എത്ര പേർ തങ്ങളുടെ മക്കളെ ഈ രംഗത്തേക്ക് സംഭാവന ചെയ്യാൻ തയ്യാറാണ്, എന്ന്. അതൊക്കെ പോയ കാലം. സാഹചര്യം മാറി. മക്കളെ കലാമണ്ഡലത്തിൽ ചേർക്കുന്നത് അഭിമാനമായി കാണുന്ന കാലമാണിത്. അന്നത്തേതിൽ നിന്ന് വ്യത്യസ്തമായി ഒട്ടനവധി കലാകാരന്മാർ കലാമണ്ഡലത്തിലും മറ്റ് സ്ഥാപനങ്ങളിലും നിന്ന് പഠിച്ചിറങ്ങി. അവരുടെ കൈകളിൽ കഥകളിയുടെ ഭാവി ഭദ്രമാണെന്നതും കാലഘട്ടത്തിന്റെ അനുഭവസാക്ഷ്യമാണ്. 

അത്ഭുതം എന്ന് പറയട്ടെ, പലരുടെയും ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരം എന്നോണം പെൺകുട്ടികൾക്ക് കഥകളി കോഴ്സിന് ചേരാൻ അനുമതി കിട്ടി, ഈയിടെ. (മെയ് വഴക്കത്തിന് അവശ്യം ആവശ്യമായ പ്രഭാതകാല മെയ്സാധകം, ഉഴിച്ചിൽ തുടങ്ങിയ ക്ലേശകരമായ പരിശീലനച്ചിട്ടകൾ പെണ്ണുടലിൽ അസാദ്ധ്യമാണ് എന്ന ബോദ്ധ്യമാണ് ഈ തീരുമാനം ഇത്രയും വൈകാൻ ഇടയാക്കിയത്. ആ ധാരണ ശരിയായാലും തെറ്റായാലും കലാമണ്ഡലം അത് തിരുത്തി യിരിക്കുന്നു.) പ്രഥമ ബാച്ചിന്റെ അരങ്ങേറ്റം നടന്നതിന്റെ വീഡിയോയും റിപ്പോർട്ടും പത്രത്തിലും ഫെയ്സ്ബുക്കിലും പ്രത്യക്ഷപ്പെട്ടതും പലരും ശ്രദ്ധിച്ചു കാണും. 'നല്ല കാര്യം' എന്നല്ലാതെ ആർക്കും അതിൽ നീരസമോ വിയോജിപ്പോ ഉള്ളതായി തോന്നിയില്ല, പറഞ്ഞ് കേട്ടതുമില്ല. അവർ ചെറു പ്രായത്തിൽ കോഴ്സിന് ചേർന്ന് വിദഗ്ധരായ കഥകളി ആശാന്മാരുടെ ശിക്ഷണത്തിൽ ശാസ്ത്രീയമായി അഭ്യസിച്ച് വേഷക്കാരായി ജീവിതത്തിൽ തുടരാൻ ഉറച്ചവരാണെന്ന് അനുമാനിക്കാം. അപ്രകാരം ഒരു തീരുമാനം ആ കുട്ടികളുടെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഉയർന്നു വന്നതും അഭിനന്ദനാർഹം.

അതിന്റെ ഭാവി വൈകാതെ അരങ്ങിൽ കണ്ട് വിലയിരുത്തിനാവും എന്ന സാദ്ധ്യതയും നിലനില്ക്കുന്നു.(ഉഴിച്ചിലടക്കമുള്ള വിശദമായ ശാരീരിക തയ്യാറെടുപ്പുകൾ പെൺകുട്ടികളുടെ കാര്യത്തിൽ എത്രത്തോളം പ്രായോഗികമാണ് എന്നതു സംബന്ധിച്ച മുറുമുറുപ്പ് കീഴ്സ്ഥായിയിൽ ഇല്ലാതില്ല).

സ്ത്രീശാക്തീകരണം, വനിതാവിമോചനം തുടങ്ങിയ ക്ലീഷേ പരിവേഷമൊന്നും ആരോപിക്കാതെ 'കുട്ടികൾ', അവരുടെ സ്വപ്നങ്ങൾ എന്നൊക്കെയുള്ള തലത്തിൽ കഥകളിയിലെ പെണ്ണിടത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. എന്തൊക്കെയായാലും, ഏറെ ശ്രമകരവും അത്രതന്നെ കഠിനവും ആയ കളരിയഭ്യാസ മുറകൾ അനുശാസിക്കുന്ന ഒരു ക്ലാസ്സിക് കലാരൂപത്തിന്റെ മേഖലയിലേക്ക് ആൺ-പെൺ ഭേദമില്ലാതെ പുതു നാമ്പുകൾ കടന്നു വരുന്നു എന്നതാണ് ഏറെ ശുഭോദർക്കമായ കാര്യം. അത്തരം ഒരു വീക്ഷണം ബലപ്പെടുന്നതോടെ അതു സംബന്ധിച്ചുള്ള മറ്റ് ഏതുവിധം അഭിപ്രായ അനൈക്യങ്ങളും നിഷ്പ്രഭമാവും, തീർച്ച.

പ്രസക്തമായ കാര്യം മറ്റൊന്നാണ്. ഒരു കലാരൂപത്തിന്റെ ഗാംഭീര്യം, അതിന്റെ അഭ്യസനം ആവശ്യപ്പെടുന്ന അസാമാന്യമായ അർപ്പണബോധം, അതിന്റെ രംഗാവതരണത്തിൽ അനുഷ്ഠിക്കേണ്ടതായ നിഷ്കർഷകൾ തുടങ്ങിയ സങ്കീർണ്ണ സമസ്യകൾ പരിഗണിക്കുമ്പോൾ വേഷാവതരണത്തിൽ ഈ അടുത്ത കാലത്ത് ദൃശ്യമായിക്കൊണ്ടിരിക്കുന്ന 'നുഴഞ്ഞു കയറ്റം' അത്രയൊന്നും ശുഭോദർക്കമല്ല എന്ന് പറയേണ്ടി വരും. ഉണ്ടിരിക്കുന്ന നായർക്ക് ഒരു വിളി തോന്നി എന്നമട്ടിലുള്ള ചില കഥകളി ഭ്രമങ്ങളാണ് ഇവിടെ പ്രസ്താവ്യം. സർക്കാർ സർവീസിൽ ഉള്ളവരും റിട്ടയർ ചെയ്ത് സുഖൈശ്വര്യങ്ങളുടെ നിറവിൽ കഴിയുന്നവരുമടക്കം ചില വരേണ്യ വനിതാ സംരംഭകരുടെ 'ഇടത്താവളം' എന്ന പദവി കഥകളിക്ക് ഒട്ടും ഭൂഷണമല്ല. കളിവിചാരത്തിന്റെ മുൻ ലക്കത്തിൽ സൂചിപ്പിച്ച പോലെ ഏതാണ്ട് രണ്ട് ദശാബ്ദത്തിനകം സംഭവിച്ച അസൂയാവഹമായ സാമ്പത്തിക വളർച്ച ഉണ്ടാക്കിക്കൂട്ടുന്ന പൊങ്ങച്ച പ്രകട ജാടകൾ സഹിക്കാവുന്നതിലും അധികമാണ്. ആഘോഷങ്ങളുടെയും അമിതാർമാദങ്ങളുടെയും ദഹനക്കേട് സമസ്ത മേഖലകളിലും വ്യാപിക്കുന്നു. എന്നാൽ കളിയരങ്ങിലേക്കു വരെയുള്ള ഈ വൈറസ്സിന്റെ വ്യാപനം ദുരുപദിഷ്ടവും അസംഗതവുമാണ്.

ആവശ്യത്തിലധികം പണം ഉണ്ടാകുമ്പോൾ മനുഷ്യർക്ക് പലതും തോന്നും. പലതുണ്ട് ആ വ്യാധിക്ക് ചികിത്സാവിധികൾ. എന്നാൽ കഥകളി, മോഹിനിയാട്ടം തുടങ്ങിയ ക്ലാസ്സിക് കലാരൂപങ്ങളിൽ മഹാലക്ഷ്മി കൈകടത്താൻ തുടങ്ങിയത് ഈ അടുത്ത കാലത്ത് മാത്രമാണ്. (കൂടിയാട്ടത്തിലേക്ക് ഈ പകർന്നാട്ടം വ്യാപിച്ചിട്ടില്ല, തൽക്കാലം, എന്നത് ആശ്വാസം) 

ദീർഘകാലത്തെ തീവ്രാദ്ധ്യയനം പൂർത്തിയാക്കി, മുടങ്ങാതെ സാധകവും ഗവേഷണവുമായി ഈ കലാരൂപങ്ങളെ മാത്രം ധ്യാനിച്ചും പരിചരിച്ചും കാലം കഴിക്കുന്ന കലാപ്രവർത്തകർ (ആൺ-പെൺ വ്യത്യാസമില്ലാതെ) നിരവധിയുണ്ട്, നമ്മുടെ നാട്ടിൽ. അരങ്ങും അംഗീകാരവും കിട്ടാതെ കഴിയുകയാണവരിൽ മിക്കവരും. അതിനിടക്ക്, തികച്ചും വ്യക്തിനിഷ്ഠമായ വിവാദപ്രസ്താവനകളിലൂടെയും വൈകാരിക പ്രകടനങ്ങളിലൂടെയും മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാൻ കച്ചകെട്ടി പുറപ്പെട്ട കൗശലക്കാർ ഒരു വശത്ത്. ഉന്നതങ്ങളിൽ പിടിപാടുണ്ടാക്കി അക്കാദമി അരങ്ങുകളും അവാർഡുകളും തട്ടിയെടുത്ത് "ഞാനോ... അയ്യോ, എന്താ ഈ പറയണേ... " എന്ന ഭാവവുമായി മുഖം മിനുക്കുന്നവർ മറുവശത്ത്. ഈ വക ലൊട്ടുലൊടുക്കുകൾക്കിടയിൽ യഥാർത്ഥ കലാകാരി/കാരൻ ആവിഷ്കാര പ്രതിസന്ധികളുമായി കഴിയുമ്പോഴാണ് ഗുരു മുതൽ ക്യാമറ-ലൈറ്റ് ആന്റ് സൗണ്ട് വരെ നിർലോഭം കൈക്കൂലി എറിഞ്ഞ് അമ്മനർത്തകിമാരുടെയും പെൺകഥകളിക്കാരുടെയും പടയോട്ടം.

(സ്ത്രീ സ്വാതന്ത്ര്യ ഹത്യാശ്രമം എന്നൊന്നും വിരട്ടിയിട്ട് രക്ഷപ്പെടാമെന്ന് വ്യാമോഹിക്കണ്ട, ആരും).

'ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ലാ'ത്ത ഈ ഇൻസ്റ്റന്റ് കഥകളിക്കാർക്ക് ആഹാര്യം മുതൽ മേളവും സംഗീതവും വരെ ഏറ്റവും മികച്ചത് തന്നെ വേണം താനും. സീനിയർ വേഷക്കാർ വരെ ഭയഭക്ത്യാദരങ്ങളോടെ ധ്യാനിക്കുന്ന കോട്ടയം കഥകളിലെ കൈലാസസമാനമായ വേഷങ്ങൾ തന്നെയായാലേ തികയൂ എന്ന ധാർഷ്ട്യം കൂടിയുണ്ട് ഇക്കൂട്ടരിൽ ചിലർക്കെങ്കിലും. തുടർന്ന് ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ത്രെഡ്സിലും ലൈക്കുകളും കമന്റുകളും നിറയുന്ന തോടെ ആനന്ദാതിരേകം. വർഷങ്ങളുടെ ആയാസപൂർണ്ണവും ത്യാഗനിർഭരവുമായ അനുധ്യാനത്തിലൂടെ സ്വായത്തമാക്കി എടുക്കേണ്ട ഒരു വിശിഷ്ട കലാരൂപം ഏതാനും ദിവസത്തെ കസർത്തിലൂടെ 'നേടിയെടുത്ത' അപൂർവ്വ തേജസ്സ് എന്നോ മറ്റോ ശീർഷകത്തിൽ ഒരു പത്രക്കുറിപ്പ് കൂടി തരപ്പെടുത്തുന്നതോടെ സായൂജ്യം.

ക്ലാസ്സിക് കലാരൂപങ്ങളുടെ ആഹാര്യസൗഭഗം അവയുടെ സമർത്ഥവും സമഗ്രവുമായ രംഗാവതരത്തോടെയാണ് സാർത്ഥകമാവുന്നത്, ആവേണ്ടത്. കഥകളി പോലെ ആഹാര്യസമ്പന്നമായ ഒരു കലാരൂപത്തിന്റെ കാര്യത്തിൽ വിശേഷിച്ചും. ആ നിലക്ക് അതിസങ്കീർണമായ രസാഭിനയത്തിന്റെയും ക്ലേശകരമായ മെയ്യഭ്യാസങ്ങളുടെയും ഗൗരവ പരിസരങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.

സ്വന്തം ശരീരം ഉൽകൃഷ്ടവും പരിപാവനവുമായ കഥകളി ആഹാര്യത്തിൽ പൊതിഞ്ഞു കാട്ടുന്നതിലുള്ള ആസക്തിയാണോ ചിലരിലെന്ന് ആരെങ്കിലും ചിന്തിച്ചു പോയാൽ അതിശയിക്കേണ്ടതില്ല. കാശുണ്ടെങ്കിൽ എന്തും സാധിതപ്രായമാവുന്ന കാലവും.

ഈ വസ്തുതകളെയൊക്കെ തുറന്നു പറയുന്നത് യാഥാസ്ഥിതികരുടെ ശാഠ്യമായി വക്രീകരിക്കുന്ന ദുഷ്പ്രവണത വ്യാപകമായി പ്രചരിപ്പിക്കുന്നതുവരെ കാര്യങ്ങൾ വഷളായിക്കഴിഞ്ഞു. ആർക്കും എന്തുമാവാം എന്ന അവസ്ഥ കഥകളിയും മോഹിനിയാട്ടവും പോലുളള കലാരൂപങ്ങളുടെ കാര്യത്തിൽ അനാശാസ്യം തന്നെ. പറയാതെ വയ്യ എന്നതുകൊണ്ട് മാത്രം ഇത്രയും കുറിച്ചു പോയതാണ്.

[ആസ്വാദക രംഗത്ത് പ്രകടമാവുന്ന ബാഹുല്യം പക്ഷെ താരതമ്യേന നിരുപദ്രവകരമാണെന്ന് സമാധാനിക്കാം. കാരണം അവരിൽ ഭൂരിഭാഗവും മേപ്പടി 'കലാരത്ന'ങ്ങളുടെ ബന്ധുക്കളോ ആശ്രിതരോ 'പെയ്ഡ്' അനുഭാവികളോ ആണ്.]

എത്രയും നിഷ്ഠാസമൃദ്ധമായ ഒരു ക്ലാസ്സിക് കലാമേഖലയിലേക്ക് ഇപ്രകാരം ഒരു അനധികൃത അധിനിവേശം നടക്കുന്നത് അറിഞ്ഞിട്ടും മൗനം ദീക്ഷിക്കുകയാണ് പലരും. കയ്യിൽ വരുന്ന അപ്രതീക്ഷിത പ്രതിഫലത്തിന്റെ കനം സൃഷ്ടിക്കുന്ന മഞ്ഞളിപ്പിൽ പകച്ച് "ദീപസ്തംഭം മഹാശ്ചര്യം..." എന്ന ന്യായത്തിൽ മുഖം തിരിക്കുന്ന കലാകാരന്മാരും വിരളമല്ല. പ്രായവും പക്വതയും ആവാത്ത കലാ വിദ്യാർത്ഥികളോട് ക്ഷമിച്ചാലും തഴക്കവും പഴക്കവും ആർജ്ജിച്ചവർ ഇത്തരം ധാർഷ്യത്തിന് കുടപിടിക്കുന്നുണ്ടെങ്കിൽ അവർ ഇക്കാര്യത്തിൽ പ്രതിസ്ഥാനത്ത് തന്നെയാണ്.

ചെറുപ്രായം മുതൽ കൊണ്ട് നടക്കുന്ന അദമ്യമായ അധിനിവേശത്തിന്റെ സാക്ഷാത്കാരം എന്ന നിലയിൽ നടക്കുന്ന അപൂർവ്വം ചില അരങ്ങുമോഹങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല, ഈ കുറിപ്പ് എന്നുകൂടി ഓർമ്മപ്പെടുത്തട്ടെ. പ്രത്യുത, പരിപാവനമെന്നും ശ്രേഷ്ഠമെന്നും വിശ്വസിച്ചുപോരുന്ന കഥകളി പോലുള്ള ലോകോത്തര കലാരൂപങ്ങളുടെ ഭാവിയിൽ ആശങ്ക പേറി കഴിയുന്ന ഒരു ന്യൂനപക്ഷത്തിന്റെ വ്യാകുലതയായി ഈ പ്രശ്നങ്ങൾ പരിശോധിക്കപ്പടേണ്ടതുണ്ട്.

സ്വസ്തി.

കളിവിചാരം ആറ്

 കളിവിചാരം ആറ് 

===============

(രസാസ്വാദനത്തിന്റെ രസതന്ത്രം) 

**********************************

കഥകളി ആസ്വാദനത്തിന്റെ രസതന്ത്രം അതി വിചിത്രമായ ഒരു പ്രതിഭാസം തന്നെ. ആഹാര്യഭംഗിയുടെ പ്രൗഢിയിലും മുഖലാവണ്യത്തിന്റെ അലൗകികതയിലും ആകൃഷ്ടരാവുന്ന പ്രാഥമിക തലത്തിൽ തുടങ്ങി രസാസ്വാദനത്തിന്റെ ഗിരിശൃംഗം 

വരെ തുടരുന്ന സാമാന്യം ക്ലേശകരമായ ആസ്വാദന വിദ്യാഭ്യാസം നിസ്സാരമല്ല. പല ഘട്ടങ്ങളിലെ പഠനപരിശീലന ശീലങ്ങളിലൂടെ അനുവാചകമനസ്സ് ആർജ്ജിച്ചെടുക്കുന്ന സമഗ്രമായ ആസ്വാദനക്ഷമത ഒരമൂല്യ സമ്പത്തു തന്നെയാണ്. ആ പഠനയാത്ര സുഗമമല്ല; ആ പ്രക്രിയ ക്ഷിപ്രസാദ്ധ്യവുമല്ല.

വിദഗ്ധനും പരിചയസമ്പന്നനുമായ ഒരു ഗുരുസ്ഥാനീയന്റെ നിഷ്കാമമായ നിർദ്ദേശോപദേശങ്ങൾ അനിവാര്യമാണതിന് എന്നത് അനുഭവപാഠം. അസാമാന്യമായ ക്ഷമയും സഹിഷ്ണുതയും അതാവശ്യപ്പെടും. ഭൗതിക സ്ഥലകാലങ്ങൾക്കും ലൗകിക ധാരണകൾക്കും അതീതമാണ് രസാസ്വാദനത്തിന്റെ തത്വശാസ്ത്രം എന്ന് സാരം.

കഥകളിയിലെ രസാഭിനയത്തിന്റ ആദ്യ പാഠങ്ങൾ പഠിക്കുന്നത് പാലൂർ ആറ്റുപുറത്ത് മനയ്ക്കൽ വിരൂപാക്ഷൻ ഭട്ടതിരിപ്പാടിൽ നിന്നാണ്. (ഇന്ന് ഇല്ല).

ദീർഘകായനും പൊതുവേ ഗൗരവപ്രകൃതിയും ആയ ഭട്ടതിരിപ്പാട് വല്യേട്ടൻ എന്നാണ് അറിയപ്പെട്ടിരുന്നത്. കേവലം ഒരു കഥകളിക്കമ്പക്കാരൻ എന്നതിലുപരി ശാസ്ത്രീയമായി രസാസ്വാദനം വശമാക്കിയ ദേഹമായിരുന്നു. കഥയും കലാകാരന്മാരെയും നോക്കി, 'നന്നാവും' എന്ന് ബോദ്ധ്യമുള്ള കളികൾക്ക് മുടങ്ങാതെ എത്തുമായിരുന്നു, വല്യേട്ടൻ. കൂടെ കൊണ്ടുപോവുക മാത്രമല്ല, വലതുവശത്ത് ഇരുത്തി ആട്ടം വിവരിച്ചു തരും. അതും തന്റെ സ്വതസിദ്ധമായ സവിശേഷ ശൈലിയിൽ. ചെമ്മാണിയോട്ടും ഞാങ്ങാട്ടിരിയും കോങ്ങാട്ടും കോഴിക്കോട്ടും മറ്റ് കളിയിടങ്ങളിലും ഒഴിച്ച ഉറക്കം വെറുതെയായില്ല ഏന്നിന്ന് തോന്നുന്നു.

പുരികചലനം, കൺതടത്തിന്റെ തിരയിളക്കം, കവിളും ചുണ്ടും ഭാവാഭിനയത്തിന് കൂടുന്നത്, സാധകം തികഞ്ഞ കണ്ണിന്റെ ചലനവൈശിഷ്ട്യം, കേവലം നേത്രങ്ങൾ കൊണ്ട് കൈലാസത്തിന്റെ ആകാരം ഫലിപ്പിക്കുന്ന അഭിനയ വൈഭവം തുടങ്ങി രസാഭിനയത്തിന്റെയും രസാസ്വാദനത്തിന്റെ യും പ്രഥമവും പ്രബലവുമായ അനുഭവം ഉണ്ടാക്കിത്തന്നത് അദ്ദേഹമാണ്. 

വല്യേ പൂതം, ചെറ്യേ പൂതം എന്ന തലത്തിൽ മാത്രം കഥകളി കാണാൻ പോവുക, പതിഞ്ഞ പദം തുടങ്ങുന്നതോടെ സദസ്സിൽ തന്നെ ചുരുണ്ട് കൂടി ഉറങ്ങുക, പുലർകാല വേഷങ്ങളുടെ ആർപ്പും അട്ടഹാസവും മേളക്കസർത്തും കേട്ട് ഉണർന്നന്ധാളിക്കുക, ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഇളിഞ്ഞ ചിരി ചിരിക്കുക - ഇതായിരുന്നു അവസ്ഥ. അവിടെനിന്ന് ഉത്ഭവം രാവണനിലേക്കും ജരാസന്ധനിലേക്കും കൈപിടിച്ച് ഉയർത്തിയ വല്യേട്ടനെ ഏറെ കൃതജ്ഞതയോടെ മാത്രമേ ഓർക്കാനാവൂ. നാലാം ദിവസ ദമയന്തിയുടെ അന്തസ്സംഘർഷങ്ങൾ ശിവരാമാശാന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം എന്നായി. രാമൻകുട്ടി ആശാന്റെ കൈലാസോദ്ധാരണവും പാർവ്വതീവിരഹവും രാവണൻ എന്ന കഥാപാത്രത്തെ അനുഭവിപ്പിച്ച് അടിത്തട്ടിൽ ഉറപ്പിച്ചു തന്നു. രംഭാപ്രവേശം കഴിഞ്ഞുള്ള ആലസ്യം വാസുപിഷാരടിയെപ്പോലെ മറ്റാരും ചെയ്തു കണ്ടില്ല. നെല്ലിയോടിന്റെ ആശാരിയുടെ അതിവിനയത്തിൽ പൊതിഞ്ഞ ഫലിതവും മെയ് വഴക്കവും നൂതനാനുഭവമായി. പരിയാനമ്പറ്റ ദിവാകരന്റെ തൃഗർത്തനും ഗോപാലകൃഷ്ണന്റെ കീചകനും ഒരിക്കലും മറക്കാത്ത വിധം പാത്ര സ്വഭാവം ഉള്ളിലുറപ്പിച്ചു തന്നു. ഗോപ്യാശാന്റെ ലോകപാലന്മാരും ശിവരാമാശാന്റെ തീർന്നൂ സന്ദേഹവും നളചരിത സാഹിത്യ സാഗരത്തിന്റെ ആഴം കാട്ടിത്തന്നു. കഥയറിയാതെ ആട്ടം കാണുക എന്ന പ്രയോഗത്തിലെ പൊരുത്തക്കേട് ബോദ്ധ്യമായി. മറ്റൊന്നുമല്ല, ആട്ടം കാണാൻ കഥ അറിയേണ്ടതില്ല. അറിഞ്ഞതുകൊണ്ട് പറയത്തക്ക വിശേഷവുമില്ല. കീചകന്റെ 'മല്ലീശര വില്ലിനോട് മല്ലിടുന്ന നിന്റെ ചില്ലിലത കൊണ്ടെന്നെ തല്ലിടായ്ക'യും നരകാസുരന്റെ 'ബാലചന്ദ്ര ഫാലേ.....' യും കേകിയാട്ടവും കണ്ടനുഭവിക്കാൻ കഥയറിഞ്ഞിട്ടെന്ത് കാര്യം? കഥയറിയായ്ക എങ്ങനെ പ്രശ്നമാവും....? ഇമപോലും വെട്ടാതെ നോക്കിയിരിക്കുക. അത് മാത്രം മതി. 

രസാസ്വാദനത്തിന്റെ വേഷവഴി മാത്രമായിരുന്നില്ല വല്യേട്ടന്റെ ആസ്വാദന ലോകം. ഏറ്റവും ഇഷ്ടം തോന്നിയ കുറുപ്പാശാന്റെ(കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്) ആലാപന സൗഭഗം അറിഞ്ഞനുഭവിച്ചതും വല്യേട്ടന്റെ സഹവാസത്തോടെയാണ്. ഒട്ടും ഇഷ്ടപ്പെടാത്തതായി അക്കാലം തോന്നിയ ഗംഗാധരാശാന്റെ ജ്ഞാനവൈശിഷ്ട്യം പിൽക്കാലത്ത് ബോധിച്ചതും അക്കാല കളിഭ്രാന്തിന്റെ ശേഷപത്രം. (പാട്ടുവഴിയിലെ വൈവിധ്യങ്ങളെ ശാസ്ത്രീയമായി വ്യവച്ഛേദിച്ചൊന്നും വിശദീകരിക്കാൻ ധൈര്യം പോരെങ്കിലും ആന്തരിക ആസ്വാദനം 'കഴിച്ചൂട്ടും' എന്ന താളത്തിലെത്തി എന്ന് പറയാം. (പിൻതുടരാൻ ബുദ്ധിമുട്ടുള്ള മുദ്രാനുഭവ മുഹൂർത്തങ്ങൾ ഇപ്പോഴും അലട്ടാറുണ്ട് എന്നത് വാസ്തവം) പൊദാളാശാന്മാരുടെ (കലാ: കൃഷ്ണൻ കുട്ടി പൊതുവാളും അപ്പുട്ടിപ്പൊദുവാളും) മേളപ്രസാദം വേഷക്കാരുടെ കരുത്തും കരുതലുമാവുന്ന രസതന്ത്രവും അദ്ദേഹമാണ് ബോദ്ധ്യപ്പെടുത്തി തന്നത്. 

കളിക്കുമുൻപും പിൻപും അണിയറയിൽ ചെന്ന് കലാകാരന്മാരോട് സൗഹൃദം പുതുക്കുക, അഭിനന്ദനങ്ങൾ ആരോഗ്യകരമായ ഭാഷയിൽ അറിയിക്കുക, വിമർശനങ്ങൾ അനിഷ്ടം കലരാതെയും വാത്സല്യം വിടാതെയും കൈമാറുക തുടങ്ങിയ ആസ്വാദക മര്യാദകൾ വരെ ആ കളിപാഠങ്ങൾ പറയാതെ പഠിപ്പിച്ചു. നിനയ്ക്കാതെ, കൂട്ടുകാർ ക്കിടയിൽ എനിക്ക് മാത്രമായി വീണുകിട്ടിയ ആ അസുലഭ സൗഭാഗ്യത്തിൽ എനിക്കുള്ള കൃതജ്ഞതയായി ഈ മുറിക്കുറിപ്പ് വലിയ ആരോ ആയിരുന്ന വല്യേട്ടന് സമർപ്പിക്കുന്നു;

സ്വസ്തി.

കളിവിചാരം അഞ്ച്

 കളിവിചാരം അഞ്ച് 

================

(കഥകളിയിലെ അരങ്ങ് വാഴ്ച)

********************************

കഥകളി അരങ്ങത്ത് ഒരു നടൻ രണ്ട് രണ്ടര മണിക്കൂർ വരെ നീളുന്ന പ്രകടം കാഴ്ച വെക്കുന്നത് കഥയുടെയോ കഥാപാത്രത്തിന്റെയോ സ്വഭാവത്തിനനുസരിച്ച് ആവശ്യവും പ്രശംസാർഹവുമാണ്. പതിഞ്ഞ പദങ്ങളും തന്റേടാട്ടങ്ങളും അതാവശ്യപ്പെടുന്നു. ഇവിടെ അറിഞ്ഞിരിക്കേണ്ട വസ്തുത അരങ്ങിലെ നടന്റെ പ്രവൃത്തി സാധാരണ ജീവിത വൃത്തികളെ അപേക്ഷിച്ച് പതിന്മടങ്ങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത് എന്നതാണ്. സവിശേഷമായ രസാഭിനയവും അതിന്റെ ആസ്വാദനവും അപ്രകാരമുള്ള ഒരു തരംഗദൈർഘ്യത്തിലേ സാദ്ധ്യമാവൂ. കല്യാണസൗഗന്ധികം ഭീമൻ, കാലകേയവധം അർജ്ജുനൻ, കിർമ്മീരവധം ധർമ്മപുത്രർ തുടങ്ങിയ വേഷങ്ങൾ ഉദാഹരണം. പതിഞ്ഞ പദം എന്ന പ്രയോഗത്തിൽ തന്നെ ഈ രംഗവിശേഷം അന്തർലീനമാണ്. വിപ്രലംഭ ശൃംഗാരവും ഉദ്യാനവർണ്ണനയും വനവർണ്ണനയും കൈലാസോദ്ധാരണവും മറ്റും ആ വിധം വിസ്തരിച്ചാടാൻ വകുപ്പുള്ളവയുമാണ്. ഇത് കഥകളിയുടെ ഘടനയെയും സങ്കേതത്തെയും സംബന്ധിക്കുന്ന കാര്യമാണ്. അതിൽ വിട്ടുവീഴ്ച അനുവദനീയമല്ല. രസാനുഭൂതിയുടെ മർമ്മവും അതുതന്നെ.

എന്നാൽ ഇക്കാര്യത്തിൽ പലപ്പോഴും സംഭവിക്കുന്നത് രസഭംഗമാണെന്ന് വന്നാൽ കഴിഞ്ഞില്ലേ, കഥ....! നടന്റെ പ്രേക്ഷക സ്വീകാര്യത, ആസ്വാദകരുടെ അവഗാഹക്കുറവ്, സംഘാടകരുടെ സമാദരണവ്യഗ്രത തുടങ്ങിയ ഘടകങ്ങളാണ് ഇത്തരം വിരോധാഭാസങ്ങളുടെ പശ്ചാത്തലം എന്ന് തോന്നാറുണ്ട്. ആവശ്യത്തിലധികം സമയദൈർഘ്യം അപഹരിച്ച് പല പോപ്പുലർ വേഷക്കാരും ഈവിധം അഭിനയാധിക്യം കൊണ്ട് സദസ്സിനെ മുഷിപ്പിക്കുന്നത് ഈയിടെയായി ആവർത്തിച്ചു കാണുന്നു. ഭാവാഭിനയം എന്ന ഭാവേന അരങ്ങിൽ ഇവർ കാഴ്ച വെക്കുന്ന പ്രകടനം പലപ്പോഴും അരോചകവും അതിലേറെ അസഹ്യവും ആവാറുണ്ട്. ശ്രദ്ധ പിടിച്ചു പറ്റാനായി കൃത്രിമമായി വരുത്തുന്ന മുഖചേഷ്ടകൾ മുഖഗോഷ്ടികളായി പരിണമിക്കുന്നത് വേഷക്കാരോ പ്രേക്ഷകരിൽ ഭൂരിഭാഗമോ അറിയുന്നില്ല. അരങ്ങത്ത് സഹകരിക്കുന്ന മറ്റ് കലാകാരന്മാരെയും പ്രേക്ഷകരേയും സംഘാടകരെയും ഒപ്പം കഥകളി എന്ന വിശ്വോത്തര കലാരൂപത്തെയും വ്രണപ്പെടുത്തുന്ന ഈ പ്രവണത കഥകളിയെ സ്നേഹിക്കുന്നവർക്ക് വേദനാജനകമാണ്. ഈ വൈഭവ പ്രകാശനത്തിന് അകമ്പടി സേവിക്കാൻ നിർബ്ബന്ധിതരാവുന്ന പാട്ടുകാർ താളം വലിച്ചു താഴ്ത്തി പാടാൻ നിർബന്ധിതരാകുന്നു. ആവശ്യത്തിലധികം ഇഴഞ്ഞു നീങ്ങുന്ന സംഗീത-താള പശ്ചാത്തലം കൂടിച്ചേർന്ന് ആട്ടം അഴിഞ്ഞാട്ടമായി അധ:പ്പതിക്കുന്നു. ഈ വിരസമായ അനുഭവത്തിന് പ്രേക്ഷകരിൽ ചിലരെങ്കിലും എപ്പോഴെങ്കിലുമൊക്കെ അനുഭവസാക്ഷ്യം വഹിച്ചിട്ടുണ്ടാവും എന്നതിൽ രണ്ട് പക്ഷമില്ല. ഈ അടുത്ത് ശ്രദ്ധേയനായ ഒരു നടന്റെ പ്രകടനം അല്പം ഓവറായില്ലേ എന്ന ആശങ്ക ഒരു സഹൃദയൻ പ്രകടിപ്പിച്ചു കണ്ടു. "ആ കണ്ണ് ത്രസിക്കലും ചിറി കോട്ടലും അഥവാ പുതുപരീക്ഷണമായിരുന്നുവെങ്കിൽ, പറയട്ടെ, ഇനിയൊരിക്കൽ ആവർത്തിക്കാഞ്ഞാലാവും ഭംഗി." എന്ന് തന്റേടപൂർവ്വം വിമർശിച്ച ആ സഹൃദയൻ മികച്ച ആസ്വാദകനും കലാ നിരൂപകനും ആണെന്ന വസ്തുത കൂടി അറിയുന്നത് നന്നാവും. മറ്റൊരു പ്രഗത്ഭ നടന്റെ ധർമ്മപുത്രുരും ഇനിയൊരാളുടെ വെളുത്ത നളനും ഈവിധം ദയനീയമാവുന്നത് യൂട്യൂബ് ലിങ്കിൽ കാണായി. ഉടുത്ത ഭ്രാന്തിന് ഉടുക്കാത്ത ഭ്രാന്ത് എന്നവണ്ണം ഇതൊക്കെ ആളുകൾ വാഴ്ത്തുന്നതും സർവ്വസാധാരണമായിത്തുടങ്ങി. ഇവരെയൊക്കെ ഗുരുനാഥന്മാരും പൂർവ്വസൂരികളും ഇതൊന്നും കാണില്ല എന്നതാണോ ഈ ധാർഷ്ട്യപ്രകടനത്തിന്റെ ന്യായീകരണം എന്നറിയില്ല. ആരും വിമർശിക്കാനില്ലെന്നതും ഒരു തഞ്ചമാണല്ലോ. മൗനം ദീക്ഷിക്കുകയാണ് ഇത്തരുണത്തിൽ അഭികാമ്യം എന്ന് പലരും വിശ്വസിക്കുന്നു. തുറന്ന വിമർശനം നടത്താൻ പ്രാപ്തരായവർ ഉണ്ടായിരുന്ന കാലത്ത് ഇതൊന്നും നടക്കില്ലായിരുന്നു. 

എന്താണ് ഈ വൈരുദ്ധ്യത്തിന് കാരണം എന്നുകൂടി അന്വേഷിക്കുന്നത് സ്വാഭാവിക മാണല്ലോ. ആലോചിച്ചിട്ട് കിട്ടിയ സമാധാനങ്ങൾ അക്കമിട്ട് ചേർക്കട്ടെ. ഇതല്ലാതേയും കാരണങ്ങൾ ഉണ്ടാവാം. മനസ്സിൽ തോന്നുന്നവർ പറയുമല്ലോ.

1. സീനിയോറിറ്റി മേൽക്കോയ്മക്കിടക്ക് അപൂർവ്വമായി വീണുകിട്ടുന്ന പ്രധാന വേഷാവതരണ സൗഭാഗ്യാതിരേകം സൃഷ്ടിക്കുന്ന അമിതാഹ്ലാദവും തത്ഭലമായ അന്ധാളിപ്പും 

2. അനിയന്ത്രിതമായ അമിതാത്മവിശ്വാസം

3. ഗഹനമായ പാത്രബോധത്തിന്റെ അഭാവം

4. ആരെയും പേടിക്കാനില്ലെന്ന അഹന്ത 

5. സഹകലാകാരന്മാരെയും സദസ്യരെയും മാനിക്കാനുള്ള വിശാലമനസ്സില്ലായ്മ

6. അവഗാഹം കുറഞ്ഞ അനുവാചകരുടെ പ്രശംസാവർഷം സൃഷ്ടിക്കുന്ന പരിസരബോധമില്ലായ്മ 

7. അളവിൽ കവിഞ്ഞ ഉത്തേജകസ്വാധീനം

മേല്പറഞ്ഞതിൽ ഏതെങ്കിലുമോ എല്ലാം ചേർന്നോ നടക്കുന്ന ഈ വിളയാട്ടം കഥകളിക്കും വേഷക്കാർക്കും ഒരുപോലെ ദോഷമാണ് ചെയ്യുന്നത്. 

എത്രയോ മഹാ മനസ്സുകളുടെ ത്യാഗോജ്വലവും സ്വയം സമർപ്പിതവുമായ തീവ്ര ശ്രമങ്ങളുടെ ആകത്തുകയാണ് ഈ മർക്കടമുഷ്ടികൾക്കകത്ത് ഞെരിഞ്ഞമരുന്നത് എന്നോർക്കുന്നത് നന്ന്.

കഥകളി സൈദ്ധാന്തികരും ബഹുമാന്യരായ പ്രേക്ഷകരും വിശിഷ്യാ കളിനടത്തിപ്പുകാരും ഇക്കാര്യത്തിൽ തുറന്ന ചർച്ചയ്ക്കും തുടർ നടപടികൾക്കും തയ്യാറായില്ലെങ്കിൽ പുതുതലമുറ കലാകാരന്മാരുടെയും കഥകളിയുടെയും ഭാവി ചിന്തനീയം.

സ്വസ്തി.

കളിവിചാരം നാല്

 കളിവിചാരം നാല്

===============

(ഒരു കസേരക്കളിയുടെ കഥ)

******************************

അച്ചടക്കം, അനുസരണശീലം, വിധേയത്വം, സമയനിഷ്ഠ തുടങ്ങിയ ദുശ്ശീലങ്ങൾ മനുഷ്യജീവിതത്തിൽ അനിവാര്യമായിത്തീർന്നത് വ്യവസായയുഗത്തിന്റെ ആവിർഭാവത്തോടെയാണ്. അതുവരെ ആരേയും പ്രത്യേകിച്ച് ഒന്നും ബോദ്ധ്യപ്പെടുത്താൻ ബാദ്ധ്യതയില്ലാതിരുന്ന മനുഷ്യൻ ഫാക്ടറി തൊഴിലാളിയായി ചുരുങ്ങി. വ്യവസായവൽക്കരണം സാർവ്വത്രികമായി സ്വീകരിക്കപ്പെട്ടതോടെ അനുബന്ധമായി ഓഫീസുകളും ഔദ്യോഗിക പദവികളും അധികാരശ്രേണീവൽക്കരണവും നിലവിൽ വന്നു. പിൽക്കാലം വിദ്യാഭ്യാസം, സഹകരണം തുടങ്ങിയ മേഖലകളിലേക്കും സാമൂഹ്യ-രാഷ്ട്രീയ- സാമുദായിക സംഘടനകളിലേക്കും വരെ മേല്പറഞ്ഞ വ്യവസ്ഥകൾ വ്യാപിച്ചു. കലാസ്ഥാപനങ്ങളായ ശാന്തിനികേതൻ, കലാക്ഷേത്ര, സാഹിത്യ- സംഗീത- നാടക- ലളിതകലാ അക്കാദമികൾ, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, കേരള കലാമണ്ഡലം തുടങ്ങി സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഇടങ്ങളിൽ വരെ ഈ അധികാരശ്രേണീവൽക്കരണം (hierarchy) 

ഒരു തീരാവ്യാധിയായി തുടരുന്നു. വ്യക്തികളുടെ ആർജ്ജവം, സത്യസന്ധത, ഗവേഷണകൗതുകം, ആത്മാർത്ഥത, അർപ്പണബോധം തുടങ്ങി സർഗ്ഗാത്മകമായ സർവ്വ യോഗ്യതകൾക്കും മീതെ ഈ അധികാര ദുർമേദസ്സ് ഡമോക്ലിസിന്റെ വാൾ കണക്ക് ഭീഷണിയായി തൂങ്ങിയാടുന്നു, ഇന്നും. 

ഇത്രയും പറഞ്ഞത്, വിദ്യാഭ്യാസ-കലാ സ്ഥാപനങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഇത്തരം ദുരവസ്ഥകൾ സൃഷ്ടിക്കുന്ന അസൗകര്യങ്ങളും അസഹിഷ്ണുതകളും 

നമ്മുടെ വിദ്യാ-കലാ അഭ്യാസത്തെ എത്രത്തോളം ശിഥിലമാക്കുന്നു എന്നതിന്റെ നിദാനമായിട്ടാണ്.

കഥകളിമേളാചാര്യൻ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾക്ക് കേരള കലാമണ്ഡലത്തിൽനിന്ന് സസ്പെൻഷൻ കിട്ടിയ രസകരമായ ഒരു കഥ മേല്പറഞ്ഞ നിഗമനത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടിവായിക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു.

കഥകളിമേളാചാര്യനെന്ന പദവിയിൽ തെക്കും വടക്കും കളിയരങ്ങുകളിൽ പ്രശസ്തനായി, ആസ്വാദകരാലും ശിഷ്യപ്രമുഖരാലും സർവ്വാദരണീയനായി കഴിയുന്നതിനിടക്കാണ് അദ്ദേഹം കേരളകലാമണ്ഡലത്തിൽ നിന്ന് സസ്പെൻഷൻ കൈപ്പറ്റേണ്ടിവന്ന ദുര്യോഗം സംഭവിക്കുന്നത്.

".............. സസ്പെൻഷനുള്ള കാരണം വിചിത്രമായിരുന്നു. ഒരു ദിവസം ഉച്ചഭക്ഷണത്തിനു ശേഷം മറ്റാശാന്മാരൊക്കെ ഉറങ്ങാൻ കിടന്നു. പകലുറക്കം ശീലമില്ലാത്ത പൊതുവാൾ അവിടെക്കണ്ട ഒരു ചാരുകസേരയിൽ കിടന്നുകൊണ്ട് ഒരു പുസ്തകം വായിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ സൂപ്രണ്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി വന്നു. അദ്ദേഹത്തെ കണ്ടതോടെ പൊതുവാൾ എഴുന്നേറ്റു. സൂപ്രണ്ട് കനപ്പിച്ച മുഖഭാവത്തോടെ വീണ്ടും തന്റെ മുറിയിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ശിപായി ഒരു മെമ്മോ പൊതുവാളിന് കൊണ്ടുകൊടുത്തു. 

മഹാകവി വള്ളത്തോൾ ഉപയോഗിക്കുന്ന ചാരുകസേരയിൽ കയറിക്കിടക്കുന്നത് ധിക്കാരവും അച്ചടക്ക രാഹിത്യവുമാണ്. ഈ തെറ്റിന് നാലണ പിഴയിട്ടിരിക്കുന്നു.

പൊതുവാൾ ഉടൻതന്നെ നാലണ പിഴയടച്ചുപക്ഷെ, ഈ സംഭവം പൊതുവാളിനെ വല്ലാതെ അസ്വസ്ഥനാക്കി. എവിടെയെങ്കിലും സ്വസ്ഥമായി കിടന്ന് വായിക്കണമെന്ന് തോന്നി; വരാന്തയിൽ ചാരുകസേര കണ്ടപ്പോൾ കൂടുതലൊന്നും ആലോചിക്കാതെ കയറിക്കിടന്നു. അത് മഹാകവി ഉപയോഗിക്കുന്ന കസേരയാണെന്നും മറ്റും കഷ്ടകാലത്തിന് അപ്പോൾ തോന്നിയില്ല. അത് തെറ്റാണെങ്കിൽ സൂപ്രണ്ട് അതോർമ്മിപ്പിച്ചാൽ മതിയായിരുന്നു. തെറ്റ് ബോദ്ധ്യപ്പെട്ടേനെ. എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാമായിരുന്നു. പക്ഷെ, സൂപ്രണ്ട് ചെയ്തതെന്താണ്? ചോദ്യമോ ഉത്തരമോ കൂടാതെ നാലണ പിഴയിട്ട് തന്നെ ഒരു കുറ്റവാളിയാക്കി ചിത്രീകരിച്ചിരിക്കുന്നു. താനെന്താ അത്രക്ക് നികൃഷ്ടനാണോ? ആ കസേരക്ക് ശാശ്വതമായ മാലിന്യം വരുത്തത്തക്കവിധം പകർച്ചവ്യാധികളൊന്നും തനിക്കില്ലല്ലോ? മഹാകവിയെപ്പോലുള്ള മഹത്വമില്ലെങ്കിലും കഥകളിലോകമൊന്നടങ്കം അംഗീകരിച്ചിരിക്കുന്ന ഒരു കലാകാരനല്ലേ, താൻ...? ബസ്സിൽ കയറി സീറ്റിലിരുന്നാൽ കണ്ടക്ടർ വന്ന് ടിക്കറ്റെഴുതിത്തരുമ്പോലെ സൂപ്രണ്ട് നാലണയുടെ ടിക്കറ്റെഴുതിത്തന്നിരിക്കുന്നു.... സിനിമാക്കോട്ടയിൽ ഇന്ന സീറ്റിലിരിക്കാൻ ഇത്ര ചാർജ്ജ് എന്നതുപോലെ കലാമണ്ഡലത്തിൽ മഹാകവിയുടെ സീറ്റിലിരിക്കാൻ സൂപ്രണ്ട് നാലണ ചാർജ്ജ് നിശ്ചയിച്ചിരിക്കുന്നു....

മഹാകവിയുടെ കസേരക്ക് നാലണ വില നിശ്ചയിച്ച സൂപ്രണ്ടിന്റെ നടപടിയെ എതിർക്കണം. പൊതുവാളിന്റെ ഉള്ളിന്റെയുള്ളിലെവിടെയോ മയങ്ങിക്കിടന്നിരുന്ന നിഷേധത്തിന്റെ സർപ്പം ഉണർന്നെഴുന്നേറ്റ് പത്തിവിടർത്തിയാടാൻ തുടങ്ങിയത് ഇതുമുതൽക്കാണ്. 

പിറ്റേ ദിവസം അതേസമയത്തുതന്നെ പൊതുവാൾ ഒരു പുസ്തകവുമെടുത്ത് ചാരുകസേരയിൽ കിടന്നു. നാലണയുടെ ഒരു നാണയം കസേരയുടെ കയ്യിൽ വെച്ചു. സൂപ്രണ്ട് പുറത്തിറങ്ങിയപ്പോൾ ആ ഇരുന്ന ഇരുപ്പിൽത്തന്നെ നാലണയുടെ നാണ്യം സൂപ്രണ്ടിന്റെ നേർക്കു നീട്ടി. സൂപ്രണ്ട് കലിതുള്ളി മുറിയിലേക്ക് കയറിപ്പോയി. കുറച്ചുനേരം കഴിഞ്ഞപ്പോൾ പൊതുവാളിന് ഒരു മെമ്മോ കിട്ടി- ധിക്കാരപരമായ പെരുമാറ്റം, അച്ചടക്കലംഘനം, മേലധികാരത്തെ ചോദ്യം ചെയ്യൽ മുതലായ കുറ്റകൃത്യങ്ങൾ ചെയ്തതുകൊണ്ട് ഇനിയൊരുത്തരവുണ്ടാകുന്നതുവരെ (കൃഷ്ണൻകുട്ടിപ്പൊതുവാളെ) കലാമണ്ഡലത്തിൽനിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നു.................."

["ശൗര്യഗുണം" എന്ന ശീർഷകത്തിൽ കെ പി ബാബുദാസ് എഴുതി കലാമണ്ഡലം കല്പിത സർവ്വകലാശാല പ്രസിദ്ധീകരിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജീവചരിത്രത്തിലെ 'ഒരു കസേരകളി' എന്ന പതിമൂന്നാം അദ്ധ്യായത്തിൽ പ്രതിപാദിക്കുന്ന സംഭവകഥയാണ് ഉദ്ധരണിയിൽ]

ഇക്കഴിഞ്ഞ ജൂൺ 16-ന് ദിവംഗതനായ ശ്രീ ബാബുദാസിന്റെ സ്മരണയ്ക്ക്; സ്വസ്തി.

കളിവിചാരം മൂന്ന്

 കളിവിചാരം മൂന്ന്

==============

(കളിയൊരുക്കം)

*****************

കഥകളിയുടെ ആഹാര്യശോഭയാണ് ഏതൊരു ആസ്വാദക മനസ്സിനെയും ഈ കലാരൂപത്തിലേക്ക് ആകർഷിക്കുന്ന പ്രഥമ ഘടകം എന്ന് തോന്നുന്നു. കുട്ടിക്കാലത്ത് വീടിനടുത്തുള്ള കട്ടുപ്പാറയിലെ പാലനാട് മനയ്ക്കൽ (തറവാട്) വച്ച് നടന്നിരുന്ന കഥകളി അവതരണം ആദ്യമായി കണ്ട ഓർമ്മ ഇന്നും മനസ്സിലുണ്ട്. പ്രൈമറി വിദ്യാഭ്യാസകാലം. പുറപ്പാട് അവതരിപ്പിച്ച അരങ്ങേറ്റക്കാരുടെ വേഷഭംഗിയാണ് അന്ന് ആകെക്കൂടി ശ്രദ്ധിച്ചത്. "ഈ കുട്ടികൾക്ക് ഈ വേഷത്തിൽ സ്കൂളിൽ വന്നാലെന്താ" എന്ന തികച്ചും യുക്തിരഹിതമായ വിചാരമാണ് ആദ്യം മനസ്സിലുദിച്ചത്. അതുകൊണ്ടുതന്നെ അത് ആരോടും പറയാതെ സൂക്ഷിച്ചു. എന്നാൽ കഥകളി ആസ്വാദനത്തിൽ പലരുടെയും അനുഭവം വ്യത്യസ്തമായിരിക്കില്ല എന്ന് ഇന്ന് തോന്നുന്നു. അത്രക്ക് മനോഹരമാണ് കഥകളിയിലെ ആഹാര്യം. ഇത്രയും ആകർഷകമായ ഒരാഹാര്യം ലോകത്ത് മറ്റേതെങ്കിലും കലാരൂപത്തിന് സ്വന്തമെന്നു അവകാശപ്പെടാനാവും എന്ന് തോന്നുന്നില്ല. അത്രയ്ക്കുണ്ട് അതിന്റെ മാസ്മരികത എന്ന് സാരം.

ആഹാര്യം എന്നത് ചതുർവിധാഭിനയങ്ങളിൽ (ആംഗികം, വാചികം, ആഹാര്യം, സാത്വികം) അനിവാര്യമായ ഒന്നാണ്. മുഖത്തെഴുത്ത്, ചുട്ടി, കോപ്പ്, ആടയാഭരണങ്ങൾ എന്നിവയെ ചേർത്ത് പറയുന്ന പേര്. വേഷത്തിന്റെ ഒരുക്കം നടക്കുന്ന അണിയറ (അണിഞ്ഞൊരുങ്ങുന്നതിനുള്ള അറയാവണം - നാടകത്തിൽ ഗ്രീൻ റൂം), മറ്റു കലാരൂപങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായി തുറന്ന ഇടമാണ്. ആർക്കും അവിടെ പ്രവേശനമുണ്ട്. ഏറെ നേരം നോക്കിയിരുന്നു പോകുന്ന ഒരു കലാരംഗം (സ്റ്റൂഡിയോ) തന്നെയാണത്. കേവലം ഒരു 'ഒരുക്കിടം' എന്നതിലപ്പുറം കഥകളി കലാകാരന്മാർ കളരിക്കു സമം ആദരിക്കുന്ന ഒരിടം കൂടിയാണത്. ആദ്യത്തെ കളി വിളക്ക് അണിയറയിലാണ് തെളിയുന്നത്. അരങ്ങിലാവശ്യമായ പല രംഗപാഠങ്ങളുടെയും അഭ്യസനം അവിടെ നടക്കുന്നു. കലാകാരൻ പാലിക്കേണ്ട പല നിഷ്കർഷകളുടെയും പ്രയോഗക്കളരി കൂടിയാണ് അണിയറ. 'നസ്യം' മുതൽ മുതിർന്ന കലാകാരന്മാരുടെ അനുകരണീയവും അല്ലാത്തതുമായ ശീല-സമ്പ്രദായങ്ങൾ വരെ അണിയറരഹസ്യങ്ങളാണ്. അരങ്ങ് അമിത പ്രകടനങ്ങളുടെ പൊതു ഇടം ആണെങ്കിൽ അണിയറ ഒരുക്കവും ഒതുക്കവും ആണ്. ഗുരുക്കന്മാരിൽ നിന്ന് പ്രീതിയും വാത്സല്യവും ശിഷ്യരിലേയ്ക്ക് വഴിഞ്ഞൊഴുകാനും ഒപ്പം ശകാരവർഷത്തിൽ ശിഷ്യർ കുതിർന്നമരാനും ഇവിടെ സൗകര്യമുണ്ട്. അരങ്ങിലെ കൃഷ്ണനും സീതയും അണിയറയിൽ ചിലപ്പോൾ ദുശ്ശാസനനും നക്രതുണ്ഡിയുമാവും. മറ്റു ചിലപ്പോൾ തിരിച്ചും. എന്തൊക്കെയായാലും അണിയറ സവിശേഷമായ ഒരു ഇടം തന്നെ.

ഇതൊക്കെയാണെങ്കിലും കഥകളിയിലെ അണിയറ കലാകാരന്മാർ (ചുട്ടി-പെട്ടി-കോപ്പ് വിഭാഗം) താരതമ്യേന അംഗീകാരവും വരുമാനവും കുറഞ്ഞവരാണ്. അവരുടെ കലാപ്രകടനം വേഷത്തിന്റെ കലാപ്രകടനത്തിൽ ലയിച്ചു ചേരുന്ന ഒന്നാണ് എന്നതാവാം ഈ വിപര്യയത്തിന് ഹേതു. ജീവനുള്ള, ചലിക്കുന്ന പ്രതലത്തിൽ ചിത്രമെഴുതുന്നവരാണു ചുട്ടി കലാകാരന്മാർ. മണിക്കൂറുകളോളം കുനിഞ്ഞിരുന്ന് അതി സൂക്ഷ്മശ്രദ്ധയോടെ ചെയ്തു തീർക്കേണ്ട ഒരനുഷ്ഠാനമാണ് ചുട്ടി. തലേ ദിവസത്തെ കളിയുടെ ആലസ്യം വേഷക്കാരൻ ഉറങ്ങിത്തീർക്കുന്നത് ചുട്ടി സമയത്താണ്. കൂർക്കം വലി അടക്കം വേഷക്കാരന്റെ പല ദൗർബ്ബല്യങ്ങളും സഹിക്കാനും ക്ഷമിക്കാനും ചുട്ടിക്കാരൻ ബാദ്ധ്യസ്ഥനാണ്.  

അരങ്ങിന്റെ വിയർപ്പും വിഴുപ്പും അലക്കി വെളുപ്പിക്കുന്ന വിശുദ്ധ കർമ്മമാണ് പെട്ടിക്കാർക്ക് വിധിച്ചിട്ടുള്ളത്. പാഞ്ചാലിയുടെ കണ്ണീരായാലും ദുശ്ശാസനന്റെ നിണമായാലും പെട്ടിക്കാരന് പണിയാണ്. ഉടുത്തുകെട്ടും മെയ്യാഭരണങ്ങളും തിരശ്ശീലയും ആവർത്തിച്ചുള്ള ദീർഘകാല ഉപയോഗസാമഗ്രികളാണ് എന്ന സാമാന്യ വിചാരം പോലും പല വേഷക്കാരിലും ഉണ്ടാവാറില്ല. അതൊക്കെ അമിതമായി മുഷിയാതെയും നാശമാവാതെയും സൂക്ഷിക്കേണ്ട ചുമതലയുണ്ട് ഓരോ വേഷക്കാരനും. 'ആരോട് പറയാൻ' എന്ന നിസ്സംഗഭാവം അണിയറപ്രഭാവനായ

ഒരു വന്ദ്യവയോധികന്റെ മുഖത്ത് പല തവണ ദർശനീയമായ പരിചിത സമസ്യയാണ്. കൂട്ടത്തിൽ മികച്ചത് തനിക്കാക്കുന്നതിലുള്ള വീറും വാശിയും അരങ്ങത്ത് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആരോ നസ്യം പറഞ്ഞത് സാർത്ഥകമായ സന്ദർഭങ്ങളും വിരളമല്ല. ചുരുക്കത്തിൽ അണിയറ ഒരു സവിശേഷ ലോകം തന്നെ.

അരങ്ങിനും അണിയറക്കും കളരിക്കും പുറത്ത് അകലെയെങ്ങോ ആണ് കോപ്പറയും കോപ്പ്പണിപ്പുരയും. അതിസൂക്ഷ്മ ശ്രദ്ധയും ശില്പജ്ഞാനവും നിർമ്മാണ വൈദഗ്ദ്ധ്യവും ആവശ്യമായ യജ്ഞമാണ് കോപ്പ് നിർമ്മാണം. കേശഭാരം, കുറ്റിച്ചാമരം, കൃഷ്ണമുടി, മകുടം തുടങ്ങിയ ശിരോകവചങ്ങൾ, കഴുത്താരം, കൊരലാരം, കടകം, വള, തോൾപ്പുട്ട്, ഏലസ്സ്, പടിയരഞ്ഞാണം തുടങ്ങി താടിയും പുഷ്പഹാരങ്ങളും അമ്പ് , വില്ല്, ഗദ, വെണ്മഴു, ആലവട്ടം, മേലാപ്പ്, തിരശ്ശീല അടക്കം എണ്ണിയാലൊടുങ്ങാത്ത രംഗസാമഗ്രികളുടെ നിർമ്മാണത്തിൽ പാലിക്കേണ്ട നിഷ്കർഷകൾ അറിവിന്റെ ഒരു മഹാനിധി തന്നെ. എല്ലാം വേണ്ടതിൻവണ്ണം ഒത്തു ചേരുമ്പോൾ മാത്രമാണ് വേഷസൗകുമാര്യം അതിന്റെ ഉച്ചകോടിയിൽ അരങ്ങിൽ പരിലസിക്കുന്നത്. എന്നാൽ വേഷക്കാരൻ തദനുസൃതമായ ആഖ്യാനവൈഭവം പ്രകടിപ്പിക്കാൻ പ്രാപ്തനല്ലെന്നു വരികിൽ മേല്പറഞ്ഞ കഠിന യത്നം വൃഥാവിലാവും. അരങ്ങിലോ അണിയറയിലോ ഇക്കൂട്ടരുടെ (കോപ്പ് പണിക്കാരുടെ) ഭൗതിക സാന്നിധ്യം പതിവില്ലാത്തതിനാൽ കഥകളി പരിസരം ഇവരെ സൗകര്യപൂർവം വിട്ടുകളയാറാണ് പതിവ്. കാലങ്ങളായി, തലമുറകളായി ഈ അവഗണന അവർ ശീലിച്ചും പോയി. വല്ലപ്പോഴും കൗതുകത്തിന്റെ പേരിൽ വല്ല സായിപ്പന്മാരോ യൂട്യൂബർമാരോ പടമെടുപ്പിന് വരുന്നത് മാത്രമാണ് അവരുടെ ബാഹ്യലോക ബന്ധം. കഥകളി ചർച്ചകളിലോ നിരൂപണപ്രഭാഷണങ്ങളിലോ സംവാദങ്ങളിലോ ഒരിക്കലും ഇടം ലഭിക്കാത്ത പ്രവൃത്തി വൈഭവമാണത്. 

പാർശ്വവൽകൃതമായ ഒട്ടനവധി ജീവിതചിത്രങ്ങളുടെ കൂട്ടത്തിൽ ഇതും കിടക്കട്ടെ. 

സ്വസ്തി.

കളിവിചാരം രണ്ട്

 കളിവിചാരം (രണ്ട്)

================

ആശയങ്ങളുടെ അതിജീവനം 

*****************************

ഒരു വ്യാഴവട്ടം (12കൊല്ലക്കാലം) മുൻപ് മലപ്പുറം ജില്ലയിലെ കൊളത്തൂരിൽ നടന്ന ഒരു കഥകളി അവതരണത്തിന്റെ അറിയിപ്പ് മെമ്മറി ആയി ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടതാണ് ഈ വിചാരത്തിന് ആസ്പദം. മഹാമനസ്കനും സഹൃദയനും കലാസ്വാദകനും സംഘാടകനും മറ്റു പലതും ആയിരുന്ന ശ്രീ 'കെ വി എസ്' എന്ന കെ വി സുരേഷിന്റെ ആദ്യവസാനത്തിൽ "യുവം" എന്ന പേരിൽ ഏതാനും കളിയരങ്ങുകൾ സംഘടിപ്പിക്കപ്പെടുകയുണ്ടായി. നാല്പത് വയസ്സ് തികയാത്ത കലാകാരന്മാർക്ക് അരങ്ങിൽ ആദ്യാവസാന വേഷങ്ങൾ അവതരിപ്പിക്കാൻ അവസരമുണ്ടാക്കുക എന്നതായിരുന്നു ആ സംരംഭത്തിന്റെ ഉദ്ദ്യേശ്യം. കലാമണ്ഡലം പ്രദീപിന്റെ നരകാസുരൻ, കലാമണ്ഡലം 

നീരജിന്റെ ഉത്ഭവം രാവണൻ തുടങ്ങിയ വേഷങ്ങൾ ഓർമ്മയിൽ ഇന്നും ഉണ്ട്. (നീരജിന്റെ അഭ്യുദയ കാംക്ഷിയും ചാലക്കുടി ക്ലബിന്റെ അമരക്കാരിൽ പ്രമുഖനും ആയ ശ്രീ മുരളി മാഷ് ഈയടുത്തിടെക്കൂടി ആ ഉത്ഭവാവതരണസ്മരണ ഉദ്ധരിച്ച് സംസാരിക്കുകയുണ്ടായി.)


ആദ്യവസാന വേഷം ചെയ്യാൻ അവസരം ലഭിക്കുന്ന നടൻ തനിക്ക് ലഭിച്ച അപൂർവാവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നത് സാധാരണമാണ്. എന്നാൽ അവരിൽ പലരും മനപ്പൂർവ്വമോ അല്ലാതെയോ സമാനരായ സഹനടന്മാരും എന്നാൽ തന്നെക്കാൾ ജൂനിയർമാരുമായ കലാകാരന്മാരുടെ മോഹങ്ങളെയും അരങ്ങ് സ്വാതന്ത്ര്യത്തയും അപഹരിക്കുന്ന ദുരവസ്ഥ ഒരു കാലം കളിയരങ്ങുകളിലെ സ്ഥിരം അനുഭവമായിരുന്നു. (സജീവമായിരുന്ന കഥകളി അരങ്ങുകൾക്ക് ഈ നൂറ്റാണ്ടിന്റെ ആരംഭത്തോടെ ബാധിച്ച ക്ഷീണത്തിന്റെ പലകാരണങ്ങളിൽ ഒന്നായി ഈ പ്രവണതയെയും വിലയിരുത്താം.) പ്രഗത്ഭ വേഷക്കാർ ആവിഷ്കാരത്തിന് ആവശ്യമായ സമയമെടുത്ത് ഒരു വേഷാവതരണത്തെ വേണ്ടവണ്ണം പോഷിപ്പിക്കുന്നത് മനസ്സിലാക്കാം. എന്നാൽ അത്രയും വൈഭവവും ആസ്വാദക സ്വീകാര്യതയും ഒന്നും സ്വായത്തമാക്കിയിട്ടി ല്ലാത്ത ഒരു വേഷക്കാരൻ അതാവർത്തിക്കുമ്പോൾ അത് അരോചകമാവും. കൂട്ടു വേഷക്കാരിൽ അസഹിഷ്ണുത ഉളവാക്കും. ഈ അപകർഷതാ ബോധം സ്ഥിരോത്സാഹികളായ പല വേഷക്കാരെയും പ്രതികൂലമായി ബാധിച്ചാൽ അതിശയിക്കാനില്ല. (അരങ്ങിലെ ചോദ്യം ചെയ്യപ്പെടാത്ത ഈ പ്രമാണിത്തം ചർച്ചാവിഷയമായ ചുരുക്കം അസുഖകരമായ ചില അനുഭവങ്ങൾ ഈ അടുത്ത കാലത്ത് ഉണ്ടായതും സ്മരണീയമാണ്). 


ഈ അവസ്ഥാവിശേഷത്തിന്റെ പശ്ചാത്തലത്തിലാണ് അന്ന് കെ വി എസ്സും സഹപ്രവർത്തകരും "യുവം" എന്ന പേരിൽ കളികൾ നടത്താൻ ഒരുങ്ങിയത് എന്നാണ് പറഞ്ഞുവന്നത്. കെ വി എസിന്റെ ആ ചിന്തയും അതിന്റെ ഉല്പന്നമായ ആശയവും അന്ന് എത്രത്തോളം വിജയിച്ചു എന്നതോ സ്വീകാര്യമായി എന്നതോ അവിടെ നിൽക്കട്ടെ. അദ്ദേഹത്തിന്റെ അകാല വിയോഗം അതിന്റെ തുടർച്ച നഷ്ടപ്പെടാനുള്ള മുഖ്യ കാരണമായി എന്നനുമാനിക്കുന്നതാവും ഉചിതം. 


യുവാക്കളുടെ കഥകളിക്കൂട്ടായ്മയായ "യുവ"ത്തിന്റെ പരീക്ഷണാത്മക സംരംഭങ്ങൾ കഥകളിലോകത്ത് അഭൂതപൂർവമായ അരങ്ങനുഭവങ്ങൾ കാഴ്ച വെച്ച് കലാലോകത്തിന് മുതൽക്കൂട്ടായി അതിന്റെ ജൈത്രയാത്ര തുടരുമ്പോൾ 'കെ വി എസ്' എന്ന ക്രാന്തദർശിയെ ഓർത്തു പോവുകയാണ്. ജീവിച്ചിരുന്നെങ്കിൽ "യുവ" ത്തിന്റെ അമരക്കാരിൽ തീർച്ചയായും ഉണ്ടാകുമായിരുന്നു ആ ശ്രേഷ്ഠസാന്നിദ്ധ്യം. കെ വി എസ് ന്റെ 'മാനസപുത്ര'നായ കലാമണ്ഡലം നീരജ് തന്നെയാണ് കൂട്ടായ്മക്ക് ആ പേര് നിർദ്ദേശിച്ചത് എന്നതും സ്തുത്യർഹം. 


കഥകളി ചരിത്രത്തിൽ ഇന്നോളം ദൃശ്യമാകാത്ത ഒരു ഇടനിലസംഘം എന്ന നിലയിൽ "യുവ"ത്തിന് സവിശേഷ പ്രസക്തി ഉണ്ട്. സംഘത്തിന്റെ പ്രവർത്തനശൈലിയെ ഈവിധം വിലയിരുത്തട്ടെ - 


1. കഥകൾ തീരുമാനിക്കുന്നതും 

   കലാകാരന്മാരെ നിശ്ചയിക്കുന്നതും 

   "യുവം" ആണ്, ക്ലബ് ഭരണസമിതികളോ 

   ക്ഷേത്രഭാരവാഹികളോ അല്ല. 

2. നൂതനമായ ആവിഷ്കാരങ്ങളം 

   പരീക്ഷണങ്ങളും സ്വാഗതാർഹം 

3. പരസ്പരം കിടമത്സരം ഇല്ലാതെ 

   സഹകരിച്ചും ചർച്ചകളിലൂടെയും ഒരു 

   കലാരൂപത്തിന്റെ ഭാവി 

   സുഭദ്രമാക്കുന്നതിലുള്ള 

   പ്രതിജ്ഞാബദ്ധത

4. കഥകളി രംഗത്ത് നിലനിൽക്കുന്ന 

   യാഥാസ്ഥിതിക പ്രവണതകളെയും 

   പരിഷ്ക്കരണ വൈമുഖ്യത്തെയും ചോദ്യം 

   ചെയ്യാനുള്ള ആർജ്ജവം.

5. യുവാക്കളായ കലാകാരന്മാർക്ക് 

   തങ്ങളുടെ വൈദഗ്ധ്യം പ്രദർശിപ്പിക്കാനും 

   അനുവാചകശ്രദ്ധ നേടാനുമുള്ള 

   തുല്യാവസരം

6. സർവ്വോപരി പരസ്പരം താങ്ങും 

   തണലുമാവുന്ന സ്നേഹ-വിശ്വാസ ബന്ധം 


മഹാ മനസ്സുകളിൽ ഉദയം കൊള്ളുന്ന ചിന്തകളും ആ ചിന്തയിൽ നിന്ന് ഉരുവം കൊള്ളുന്ന ആശയങ്ങളും അതിജീവനശേഷി ഉള്ളവയായിരിക്കും എന്ന പ്രകൃതി നിയമം ഇവിടെ സാർത്ഥകമാവുന്നു. സ്വസ്തി.

കളി വിചാരം ഒന്ന്

കളിവിചാരം (ഒന്ന്)

===============

(മാറ്റത്തിന്റെ തിരനോട്ടം)

*************************

കഥകളി രംഗത്ത് ഇക്കാലം നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുന്നവർക്ക് ഒരു വസ്തുത ബോദ്ധ്യമാവും. ഇടക്കെന്നോ സംഭവിച്ച സ്തംഭനാവസ്ഥ സാവകാശം നീങ്ങിവരുന്നുണ്ട് എന്ന് തോന്നുന്നു. സമീപകാലത്ത് ഉണ്ടായ ആശ്വാസകരമായ ചില അരങ്ങനുഭവങ്ങളാണ് ഇങ്ങനെ ഒരു ബോദ്ധ്യത്തിന് നിദാനം.

കലാമണ്ഡലം കൃഷ്ണൻ നായർ, കുഞ്ചു നായർ, രാമൻകുട്ടി നായർ, കീഴ്പടം കുമാരൻ നായർ, കോട്ടക്കൽ ശിവരാമൻ, ചന്ദ്രശേഖര വാര്യർ, കലാമണ്ഡലം വാസു പിഷാരടി, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം ഗോപി തുടങ്ങിയ പ്രഗത്ഭ വേഷക്കാരും കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്, ഗംഗാധരൻ, എമ്പ്രാന്തിരി, വെണ്മണി ഹരിദാസ്, കലാമണ്ഡലം ഹൈദരാലി തുടങ്ങിയ പാട്ടുകാരും കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാൾ, ചന്ദ്രമന്നാടായാർ, അപ്പുക്കുട്ടി പൊതുവാൾ, അച്ചുണ്ണി പൊതുവാൾ,പാലൂർ അച്ചുതൻ നായർ, തുടങ്ങിയ മേളക്കാരും കലാമണ്ഡലം രാം മോഹൻ, ശിവരാമൻ തുടങ്ങിയ ചുട്ടി കലാകാരന്മാരും എല്ലാം ഒത്തുചേർന്നിരുന്ന സജീവവും സമൃദ്ധവുമായ കളിയരങ്ങുകൾ ഇവരിൽ മഹാഭൂരിപക്ഷത്തിന്റ വിയോഗത്തോടെ ഏതാണ്ട് ശുഷ്കമായി എന്നുതന്നെ പറയാം. ഇന്ത്യയിലെത്തന്നെ മഹത്തായ ഒരു കലാശാലയായ കേരള കലാമണ്ഡലം കേവലം ഒരു വിദ്യാലയവും തൊഴിൽ ശാലയും ആയി ചുവപ്പു നാടയിൽ കുരുങ്ങി. മറ്റു ഗവൺമെന്റ് - സ്വകാര്യ കഥകളി പാഠശാലകളുടെയും കളരികളുടെയും അവസ്ഥയും ആശ്വാസത്തിന് വക വരുന്നതായിരുന്നില്ല. 

കേരളത്തിൽ അങ്ങോളമിങ്ങോളം വ്യാപകമായി നടന്നിരുന്ന ശ്രദ്ധേയമായ കളിയരങ്ങുകൾ പിൽക്കാലം നാമമാത്രമായി ചുരുങ്ങി. പ്രേക്ഷക സദസ്സും അതിനൊത്ത് ശുഷ്കിച്ചു വന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദശാബ്ദങ്ങൾ ഈ പരിതോവസ്ഥയുടെ സാക്ഷ്യപത്രമായി ആസ്വാദകരിൽ മിക്കവർക്കും അനുഭവപ്പെട്ടതുമാണ്. പലരും 'കളിക്ക് പോക്ക്' നിർത്തി; അപൂർവവും അനിവാര്യവുമായ അവസരങ്ങളിലേക്ക് മാത്രമാക്കി തങ്ങളുടെ ആസ്വാദന മോഹങ്ങളെ ചുരുക്കി. ഏതാനും കഥകളി ക്ലബ്ബുകൾ തങ്ങൾക്ക് പ്രിയകരമായ കഥകളും കലാകാരന്മാരുമായി ഒരനുഷ്ഠാനമെന്നോണം കളിയരങ്ങുകളെ സജീവമാക്കി നിലനിർത്താനുള്ള ഭഗീരഥപ്രയത്നവുമായി നിലനിന്നപ്പോൾ അതിലധികം ക്ലബ്ബുകൾ നാമാവശേഷമായി. നാടൊട്ടുക്ക് കഥകളിഭ്രാന്തുമായി അലഞ്ഞു നടന്നവർ പലരും അരങ്ങൊഴിഞ്ഞു. ശേഷിച്ചവർ പൂർവ്വകാല സ്മൃതികൾ അയവിറക്കി വായനയിലേക്കും മറ്റ് വൈയക്തിക വ്യാപാരങ്ങളിലേക്കും ഉൾവലിഞ്ഞു. (സ്മാർട്ട് ഫോണുകളുടെ ആവിർഭാവവും സോഷ്യൽ മീഡിയയുടെ വ്യാപനവും നല്ലൊരളവ് 'ആശ്വാസ'മായി). 

അതെല്ലാം സംഘാടകരുടെയും ആസ്വാദകരുടെയും പ്രശ്നം. എന്നാൽ കലാകാരന്മാരുടെ പ്രശ്നം മറ്റൊന്നായിരുന്നു. ആഴ്ചകൾ മുതൽ മാസങ്ങൾ വരെ നീണ്ടു നിന്ന സ്വദേശിയും വിദേശിയുമായ കളിയരങ്ങുകളിൽ നിറസാന്നിദ്ധ്യമായിരുന്ന പല കലാകാരന്മാരും അപൂർവ്വം ലഭിക്കുന്ന അരങ്ങുഭാഗ്യങ്ങളെ കാത്ത് കഴിയേണ്ടി വന്നു. . കഥകളി ക്ലാസ്സുകൾ വ്യാപകമായി. പലരും കലോത്സവ വേദികളിൽ കഥകളിയും കേരളനടനവും അവതരിപ്പിക്കാൻ സഹായികളായി 'വേഷം കെട്ടി'. സിനിമാ ഷൂട്ടിങ് ലൊക്കേഷനിലേക്ക് ചുണ്ടപ്പൂ എത്തിച്ചു കൊടുത്ത് പോക്കറ്റ് മണി സ്വരൂപിച്ച കഥകളി വിദ്യാർത്ഥികളെ വരെ അക്കാലത്ത് കാണാമായിരുന്നു. സിനിമയിലും വിവാഹവേദികളിലും (വിപണിയിൽ അടക്കം) 'കൗതുകവസ്തു' ആയി മാറുന്ന കഥകളി വേഷത്തിന്റെ ദുര്യോഗം സഹൃദയരുടെ ഉള്ള് കലക്കി. ഇടക്കാലത്ത് ചായക്കച്ചവടം പോലുള്ള ഉപജീവന മാർഗ്ഗങ്ങളിലേക്ക് കഥകളി കലാകാരന്മാർ ശ്രദ്ധ തിരിക്കേണ്ടിവന്ന ദുരന്ത വൃത്താന്തത്തിനു വരെ നാം സാക്ഷികളായി. 

കഥകളിയിലെ വേഷേതര കലാകാരന്മാരുടെ അവസ്ഥയും സുഖകരമായിരുന്നില്ല. ഉത്സവവേദികൾ മേളക്കാർക്കും കലോത്സവവേദികൾ ചുട്ടി-പെട്ടി കലാകാരന്മാർക്കും ആശ്വാസമായി എന്ന് സമാധാനിക്കാം. പാട്ടുകാർ നൃത്തവേദികളിലും കച്ചേരികളിലും ഇടം കണ്ടെത്തി. (റോഡരികിൽ മൈക്കും പിടിച്ച് സിനിമാഗാനം ആലപിക്കുന്ന ഒരു കഥകളിപ്പാട്ടുകാരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മനസ്സിൽ കിടപ്പുണ്ട്). കോപ്പ് നിർമ്മാണ കലാകാരന്മാരുടെ അവസ്ഥയും ഒട്ടും ആശാവഹമായിരുന്നില്ലെന്ന് പറയേണ്ടതില്ലല്ലോ. (വല്ലപ്പോഴും അന്വേഷിച്ചെത്തുന്ന യൂട്യൂബർമാർ അവരുടെ ശോച്യാവസ്ഥ പകർത്തി വിറ്റ് മര്യാദരാമന്മാരായത് മിച്ചം). ചുരുക്കത്തിൽ കഥകളി എന്ന കലാരൂപം തീർത്തും ക്ഷയിക്കുകയായിരുന്നു. 

ഇതൊന്നും ആരും ആസൂത്രണം ചെയ്തതല്ല. ആരും അഭിലഷിച്ചതുമല്ല. അങ്ങിനെയൊക്കെ വന്നു ഭവിച്ചു എന്ന് ആശ്വസിക്കയേ തരമുള്ളൂ. കോവിഡും നിപയും ഡെങ്കിപ്പനിയും പ്രളയവും പോലുള്ള സാമൂഹ്യ ദുരന്തങ്ങൾ മേല്പറഞ്ഞ ക്ഷയത്തിന് ആക്കം കൂട്ടി എന്നേ പറയാവൂ; കാരണം അതിനൊക്കെ മുൻപുതന്നെ പ്രസ്തുത ക്ഷയോന്മുഖത്വം കഥകളിയെ ബാധിച്ചിരുന്നു. ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് അസാദ്ധ്യമോ എന്നുവരെ വേവലാതിപ്പെടുന്നിടത്തേക്ക് കാര്യങ്ങൾ കുഴമറിഞ്ഞു. ക്ലാസ്സിക് കലാരൂപങ്ങളിൽ നിന്ന് നാടൻ കലാരൂപങ്ങളിലേക്കും സിനിമാറ്റിക് നൃത്തത്തിലേക്കും ആസ്വാദകർ ചുവടു മാറ്റി. സാമ്പത്തിക രംഗത്ത് ഇക്കാലയളവിൽ(ഏറിയാൽ രണ്ടു ദശാബ്ദം) വന്ന അതിശയകരമായ അഭിവൃദ്ധി ആർഭാടങ്ങൾക്കും ആർമാദങ്ങൾക്കും രാസവളമായി. കുട്ടിപ്പിറന്നാളും വിവാഹവും മുതൽ സർവീസിൽ നിന്നുള്ള വിരമിക്കൽ വരെ ഇല്ലാത്ത പ്രൗഢിയും പ്രതാപവും വിളമ്പുന്ന ആഘോഷാവസരങ്ങളായി. മരണങ്ങൾക്ക് വരെ അതിരുവിട്ട ഈ പൊങ്ങച്ച സംസ്കാരത്തിൽ അർത്ഥം നഷ്ടപ്പെട്ടു. ഗൂഗിളും ഫെയ്സ്ബുക്കു പോലുള്ള സാമൂഹ്യ മാദ്ധ്യമങ്ങളും തിരുമണ്ടന്മാരെ വരെ സർവ്വജ്ഞാനികളാക്കി. അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും കൊണ്ട് ഭാഷയോടൊപ്പം സംസ്കാരവും ജീവിതം തന്നെയും വികലമാവുന്നത്, വിഫലമാവുന്നത് ആരും തിരിച്ചറിഞ്ഞില്ല, അറിഞ്ഞവരാവട്ടെ, അറിഞ്ഞില്ലെന്ന് നടിച്ചു. 

അതവിടെ നിൽക്കട്ടെ. ഒരു ബൃഹദ് ഗ്രന്ഥരചനക്കു വരെ വിഭവമുള്ള ആ വിഷയം ആനുഷംഗികമായി സൂചിപ്പിച്ചു എന്ന് മാത്രം. കഥകളിയിലേക്ക് തിരിച്ചു വരാം.

ഈ ഇടവേളയിലും കഥകളി എന്ന മഹത്തായ കലാരൂപത്തിന് വന്നുചേർന്ന ദുരവസ്ഥയിൽ പരിതപിക്കുകയും തങ്ങളാൽ ആവും വിധം ഈ വ്യാധിക്ക് പ്രതിവിധി അന്വേഷിക്കുകയും ചെയ്ത മഹാ മനസ്സുകളെ പ്രശംസിക്കാതെ വയ്യ. ശില്പശാലകളും സെമിനാറുകളും മറ്റുമായി കഥകളിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനും കലാകാരന്റെ ആവിഷ്കാര പ്രതിസന്ധി തരണം ചെയ്യാനുമുള്ള തീവ്രശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. വിദ്യാർത്ഥികൾ പലരും പഠനങ്ങളും ഗവേഷണങ്ങളുമായി മുന്നോട്ടു പോയി. അപൂർവം ചിലർ തങ്ങളുടെ വരുതിയിൽ പെട്ട സാഹചര്യങ്ങളുമായി മല്ലിട്ട് നൂതന രംഗാവിഷ്കാര ശ്രമങ്ങൾ നടത്തി. ആത്മാഭിമാനവും കഥകളിയോടുള്ള അഭിനിവേശവും ആയിരുന്നു അവരുടെ മുടക്കുമുതൽ എന്നോർക്കണം. ഉപഹാരങ്ങളോ പ്രോത്സാഹനങ്ങളോ അവരെ തേടി എത്തിയില്ല. ജീവസന്ധാരണം വരെ ക്ലേശകരമായിരുന്നു, പലർക്കും.

കാറൽമണ്ണ കുഞ്ചുനായർ സ്മാരക ട്രസ്റ്റ്, തൃശ്ശൂർ കഥകളി ക്ലബ്ബ്, ചാലക്കുടി ക്ലബ്, ഇരിങ്ങാലക്കുട ക്ലബ്, ഇടപ്പള്ളി ആസ്വാദക സംഘം തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ പുനരുജ്ജീവന ശ്രമങ്ങളും ഏറെ പ്രസക്തമാണ്. ശുഷ്കമായ സദസ്സും സാമ്പത്തിക പ്രതിസന്ധികളും വകവെക്കാതെ അവർ കർമ്മനിരതരായി. ഇവരെയൊക്കെ ഈ അവസരത്തിൽ സ്മരിക്കേണ്ടതുണ്ട്. 

ഇതിനിടയ്ക്കാണ് നിഷ മേനോൻ ചെമ്പകശ്ശേരി 'യുവം' എന്ന പേരിൽ കഥകളി രംഗത്ത് ഒരു നൂതന സംരംഭം ആരംഭിക്കുന്നത്. 'യുവ'ത്തിന്റ ഉദ്ദ്യേശ്യ-ലക്ഷ്യങ്ങളെ സംബന്ധിച്ച അവരുടെ തന്നെ വിശദീകരണം ഇപ്രകാരമാണ് 

“യുവ”ത്തിന്‍റെ ഇരുപത്തി രണ്ടാം അരങ്ങ് ഒരു പരീക്ഷണാത്മക അരങ്ങായി രൂപപ്പെടുത്തി എടുക്കുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നു. കാരണം, ഇക്കാലത്തും ആധുനിക സമൂഹം എന്ന് അവകാശപ്പെടുന്നവര്‍ തന്നെ കഥകളിയില്‍ പരീക്ഷണങ്ങളോട് വൈമുഖ്യം പുലര്‍ത്തുന്നവരാണ്. ഓരോ വേഷങ്ങളും അത് ചെയ്ത് ശീലിച്ചവര്‍, അല്ലെങ്കില്‍ അവയില്‍ വളരാന്‍ സാധ്യത ഉള്ളവര്‍, വിജയിക്കാനുള്ള കഴിവ് ഉള്ളവര്‍ മാത്രം അവ ചെയ്തുകൊണ്ട് മുന്നോട്ട് പോവുക എന്ന് കരുതുന്നവര്‍. വഴി മാറി ചിന്തിച്ചുകൊണ്ട് ആസ്വാദക മനസ്സുകളിലെ സ്ഥിരചിത്രങ്ങള്‍ മായ്ക്കാതിരിക്കുക എന്ന ഒരു അലിഖിത കീഴ് വഴക്കം കഥകളി ലോകത്ത് “സ്ഥായിയായി” ഉണ്ടല്ലോ. എന്നാല്‍ വഴി മാറി ചിന്തിച്ചിട്ടു തന്നെ കാര്യം എന്ന ഒരു വിപ്ലവാത്മക ചിന്തയാണ് ഇത്തരം അരങ്ങുകളിലെയ്ക്ക് നയിക്കുന്നത്. 

ഇനിയും പല കഥകളി അരങ്ങുകളും “യുവം” അണിയറയില്‍ ഒരുങ്ങുന്നു. അതിനായി പ്രോത്സാഹനങ്ങള്‍ നല്‍കികൊണ്ട് ഇതുപോലെ നല്ലൊരു അനുവാചക സംഘം ഞങ്ങളുടെ കൂടെയുണ്ട് എന്നത് തന്നെയാണ് വലിയ സന്തോഷം, ഊര്‍ജ്ജദായകം. ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും ഒരുപാടൊരുപാട് സ്നേഹം, നന്ദി!🙏❤️"

തൃപ്പൂണിത്തുറയിൽ നളചരിതം സമ്പൂർണ്ണം ഒറ്റ ദിവസം അവതരിപ്പിച്ചതടക്കം 'യുവ'ത്തിന്റ പല പരീക്ഷണങ്ങളും മികച്ച രംഗാനുഭവമായി. ഇക്കഴിഞ്ഞ (2024 ജൂൺ 16-ന്) കാറൽമണ്ണ കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ അവതരിപ്പിക്കപ്പെട്ട നാല് കഥകൾ ('യുവ' ത്തിന്റെ 22-മത് അരങ്ങ്) ഏറെ ആസ്വാദകപ്രശംസ പിടിച്ചുപറ്റി. വേഷ-മേള-ചുട്ടി മേഖലയിലെ ശ്രദ്ധേയമായ യുവ സാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞവർ ഇക്കാര്യം നിഷേധിക്കില്ലെന്ന് തീർച്ച. കോട്ടയം കഥകളുടെ പരീക്ഷണാത്മക ശ്രമമാണ് അടുത്തതെന്ന് നിഷ ഫെയ്സ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുകയും ഉണ്ടായി.

യുവാക്കളായ മിക്ക കലാകാരന്മാർക്കും ആത്മവിശ്വാസവും അർപ്പണബോധവും വീണ്ടെടുക്കാൻ യുവം വേദിയൊരുക്കുന്നു എന്നത് അഭിമാനാർഹമാണ്, ആശാവഹമാണ്. കലാരംഗത്തും ആസ്വാദന പക്ഷത്തും ഏറെ സ്ത്രീ സാന്നിധ്യം ദർശിക്കാമെങ്കിൽ സംഘാടക പക്ഷത്ത് ആ സാന്നിധ്യം ഇല്ലെന്ന് തന്നെ പറയാം. അവിടെയാണ് നിഷയുടെ പ്രസക്തി. കഥകളി പ്രേമിയും അത്യുത്സാഹിയുമായ ഈ സ്നേഹിതയെ അറിയാത്തവരായി കഥകളി ലോകത്ത് ഇന്ന് ആരുമുണ്ടാവില്ല. ഇത്തരം ഒരു നിർണ്ണായക സാഹചര്യത്തിൽ ഇവരുടെ നിരന്തരവും നിഷ്കാമവുമായ പരിശ്രമങ്ങളെ ശ്ലാഘിക്കാതെ വയ്യ. വ്യക്തി ബന്ധങ്ങൾ മുതൽ അകന്ന സൗഹൃദങ്ങൾ വരെ ഈ യത്നത്തിൽ പ്രയോജനപ്പെടുത്തുന്നു, അവർ. കഥകളി ചരിത്രത്തിൽ തന്നെ ഇദംപ്രഥമമായ ഈ ദൗത്യം വരും കാലങ്ങളിൽ അതിന്റെ ഫലം കൊയ്യുകതന്നെ ചെയ്യുമെന്ന് നമുക്ക് ആശിക്കാം, അഭിമാനിക്കാം. ഈ നൂതന സംരംഭത്തിൽ കൈ കോർക്കാൻ കേരളത്തിൽ അങ്ങോളമിങ്ങോളം കലാസ്വാദകർ സന്നദ്ധത പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 'യുവ'ത്തിന്റ നെടുംതൂണായ നിഷയ്ക്കും അതിന്റെ രംഗസമ്പത്തായ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ സ്നേഹം, അഭിവാദ്യം.

(യശശ്ശരീരരായ കഥകളി കലാകാരുടെ പേരുകൾ പലതും സ്ഥലപരിമിതി മാനിച്ച് ചേർക്കാൻ വിട്ടു പോയിട്ടുണ്ട്. സംഘാടക- നിരൂപക രംഗത്തെ പല പ്രഗത്ഭരെയും പേരെടുത്ത് പറയാത്തതും അക്കാരണം കൊണ്ടുതന്നെ. ലേഖനത്തിന്റെ ഉദ്ദേശ്യശുദ്ധി പരിഗണിച്ച് ക്ഷമിക്കുമല്ലോ)

സ്വസ്തി.