Thursday, July 18, 2024

കളിവിചാരം രണ്ട്

 കളിവിചാരം (രണ്ട്)

================

ആശയങ്ങളുടെ അതിജീവനം 

*****************************

ഒരു വ്യാഴവട്ടം (12കൊല്ലക്കാലം) മുൻപ് മലപ്പുറം ജില്ലയിലെ കൊളത്തൂരിൽ നടന്ന ഒരു കഥകളി അവതരണത്തിന്റെ അറിയിപ്പ് മെമ്മറി ആയി ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടതാണ് ഈ വിചാരത്തിന് ആസ്പദം. മഹാമനസ്കനും സഹൃദയനും കലാസ്വാദകനും സംഘാടകനും മറ്റു പലതും ആയിരുന്ന ശ്രീ 'കെ വി എസ്' എന്ന കെ വി സുരേഷിന്റെ ആദ്യവസാനത്തിൽ "യുവം" എന്ന പേരിൽ ഏതാനും കളിയരങ്ങുകൾ സംഘടിപ്പിക്കപ്പെടുകയുണ്ടായി. നാല്പത് വയസ്സ് തികയാത്ത കലാകാരന്മാർക്ക് അരങ്ങിൽ ആദ്യാവസാന വേഷങ്ങൾ അവതരിപ്പിക്കാൻ അവസരമുണ്ടാക്കുക എന്നതായിരുന്നു ആ സംരംഭത്തിന്റെ ഉദ്ദ്യേശ്യം. കലാമണ്ഡലം പ്രദീപിന്റെ നരകാസുരൻ, കലാമണ്ഡലം 

നീരജിന്റെ ഉത്ഭവം രാവണൻ തുടങ്ങിയ വേഷങ്ങൾ ഓർമ്മയിൽ ഇന്നും ഉണ്ട്. (നീരജിന്റെ അഭ്യുദയ കാംക്ഷിയും ചാലക്കുടി ക്ലബിന്റെ അമരക്കാരിൽ പ്രമുഖനും ആയ ശ്രീ മുരളി മാഷ് ഈയടുത്തിടെക്കൂടി ആ ഉത്ഭവാവതരണസ്മരണ ഉദ്ധരിച്ച് സംസാരിക്കുകയുണ്ടായി.)


ആദ്യവസാന വേഷം ചെയ്യാൻ അവസരം ലഭിക്കുന്ന നടൻ തനിക്ക് ലഭിച്ച അപൂർവാവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നത് സാധാരണമാണ്. എന്നാൽ അവരിൽ പലരും മനപ്പൂർവ്വമോ അല്ലാതെയോ സമാനരായ സഹനടന്മാരും എന്നാൽ തന്നെക്കാൾ ജൂനിയർമാരുമായ കലാകാരന്മാരുടെ മോഹങ്ങളെയും അരങ്ങ് സ്വാതന്ത്ര്യത്തയും അപഹരിക്കുന്ന ദുരവസ്ഥ ഒരു കാലം കളിയരങ്ങുകളിലെ സ്ഥിരം അനുഭവമായിരുന്നു. (സജീവമായിരുന്ന കഥകളി അരങ്ങുകൾക്ക് ഈ നൂറ്റാണ്ടിന്റെ ആരംഭത്തോടെ ബാധിച്ച ക്ഷീണത്തിന്റെ പലകാരണങ്ങളിൽ ഒന്നായി ഈ പ്രവണതയെയും വിലയിരുത്താം.) പ്രഗത്ഭ വേഷക്കാർ ആവിഷ്കാരത്തിന് ആവശ്യമായ സമയമെടുത്ത് ഒരു വേഷാവതരണത്തെ വേണ്ടവണ്ണം പോഷിപ്പിക്കുന്നത് മനസ്സിലാക്കാം. എന്നാൽ അത്രയും വൈഭവവും ആസ്വാദക സ്വീകാര്യതയും ഒന്നും സ്വായത്തമാക്കിയിട്ടി ല്ലാത്ത ഒരു വേഷക്കാരൻ അതാവർത്തിക്കുമ്പോൾ അത് അരോചകമാവും. കൂട്ടു വേഷക്കാരിൽ അസഹിഷ്ണുത ഉളവാക്കും. ഈ അപകർഷതാ ബോധം സ്ഥിരോത്സാഹികളായ പല വേഷക്കാരെയും പ്രതികൂലമായി ബാധിച്ചാൽ അതിശയിക്കാനില്ല. (അരങ്ങിലെ ചോദ്യം ചെയ്യപ്പെടാത്ത ഈ പ്രമാണിത്തം ചർച്ചാവിഷയമായ ചുരുക്കം അസുഖകരമായ ചില അനുഭവങ്ങൾ ഈ അടുത്ത കാലത്ത് ഉണ്ടായതും സ്മരണീയമാണ്). 


ഈ അവസ്ഥാവിശേഷത്തിന്റെ പശ്ചാത്തലത്തിലാണ് അന്ന് കെ വി എസ്സും സഹപ്രവർത്തകരും "യുവം" എന്ന പേരിൽ കളികൾ നടത്താൻ ഒരുങ്ങിയത് എന്നാണ് പറഞ്ഞുവന്നത്. കെ വി എസിന്റെ ആ ചിന്തയും അതിന്റെ ഉല്പന്നമായ ആശയവും അന്ന് എത്രത്തോളം വിജയിച്ചു എന്നതോ സ്വീകാര്യമായി എന്നതോ അവിടെ നിൽക്കട്ടെ. അദ്ദേഹത്തിന്റെ അകാല വിയോഗം അതിന്റെ തുടർച്ച നഷ്ടപ്പെടാനുള്ള മുഖ്യ കാരണമായി എന്നനുമാനിക്കുന്നതാവും ഉചിതം. 


യുവാക്കളുടെ കഥകളിക്കൂട്ടായ്മയായ "യുവ"ത്തിന്റെ പരീക്ഷണാത്മക സംരംഭങ്ങൾ കഥകളിലോകത്ത് അഭൂതപൂർവമായ അരങ്ങനുഭവങ്ങൾ കാഴ്ച വെച്ച് കലാലോകത്തിന് മുതൽക്കൂട്ടായി അതിന്റെ ജൈത്രയാത്ര തുടരുമ്പോൾ 'കെ വി എസ്' എന്ന ക്രാന്തദർശിയെ ഓർത്തു പോവുകയാണ്. ജീവിച്ചിരുന്നെങ്കിൽ "യുവ" ത്തിന്റെ അമരക്കാരിൽ തീർച്ചയായും ഉണ്ടാകുമായിരുന്നു ആ ശ്രേഷ്ഠസാന്നിദ്ധ്യം. കെ വി എസ് ന്റെ 'മാനസപുത്ര'നായ കലാമണ്ഡലം നീരജ് തന്നെയാണ് കൂട്ടായ്മക്ക് ആ പേര് നിർദ്ദേശിച്ചത് എന്നതും സ്തുത്യർഹം. 


കഥകളി ചരിത്രത്തിൽ ഇന്നോളം ദൃശ്യമാകാത്ത ഒരു ഇടനിലസംഘം എന്ന നിലയിൽ "യുവ"ത്തിന് സവിശേഷ പ്രസക്തി ഉണ്ട്. സംഘത്തിന്റെ പ്രവർത്തനശൈലിയെ ഈവിധം വിലയിരുത്തട്ടെ - 


1. കഥകൾ തീരുമാനിക്കുന്നതും 

   കലാകാരന്മാരെ നിശ്ചയിക്കുന്നതും 

   "യുവം" ആണ്, ക്ലബ് ഭരണസമിതികളോ 

   ക്ഷേത്രഭാരവാഹികളോ അല്ല. 

2. നൂതനമായ ആവിഷ്കാരങ്ങളം 

   പരീക്ഷണങ്ങളും സ്വാഗതാർഹം 

3. പരസ്പരം കിടമത്സരം ഇല്ലാതെ 

   സഹകരിച്ചും ചർച്ചകളിലൂടെയും ഒരു 

   കലാരൂപത്തിന്റെ ഭാവി 

   സുഭദ്രമാക്കുന്നതിലുള്ള 

   പ്രതിജ്ഞാബദ്ധത

4. കഥകളി രംഗത്ത് നിലനിൽക്കുന്ന 

   യാഥാസ്ഥിതിക പ്രവണതകളെയും 

   പരിഷ്ക്കരണ വൈമുഖ്യത്തെയും ചോദ്യം 

   ചെയ്യാനുള്ള ആർജ്ജവം.

5. യുവാക്കളായ കലാകാരന്മാർക്ക് 

   തങ്ങളുടെ വൈദഗ്ധ്യം പ്രദർശിപ്പിക്കാനും 

   അനുവാചകശ്രദ്ധ നേടാനുമുള്ള 

   തുല്യാവസരം

6. സർവ്വോപരി പരസ്പരം താങ്ങും 

   തണലുമാവുന്ന സ്നേഹ-വിശ്വാസ ബന്ധം 


മഹാ മനസ്സുകളിൽ ഉദയം കൊള്ളുന്ന ചിന്തകളും ആ ചിന്തയിൽ നിന്ന് ഉരുവം കൊള്ളുന്ന ആശയങ്ങളും അതിജീവനശേഷി ഉള്ളവയായിരിക്കും എന്ന പ്രകൃതി നിയമം ഇവിടെ സാർത്ഥകമാവുന്നു. സ്വസ്തി.

No comments:

Post a Comment