അകലകാലം
പകൽ തേഞ്ഞു തീരവേ അണയുന്ന സൗഹൃദ-
ക്കനലായി മറവിയിൽ മായും പ്രതീക്ഷകൾ
വിടചൊല്ലിയകലുന്ന കാലം;
അകലുവാൻ മാത്രമോർമ്മിച്ചു ഓർമ്മിപ്പിച്ചു-
മിഴയും മഹാമൗനകാലം;
ഒരു സാന്ത്വനത്തിൻ വിരൽ ചൂടുമേൽക്കാതെ
ചെറു പുഞ്ചിരിച്ചൂരു നുകരാതെ ഏകാന്ത തടവിൽ വിങ്ങും വ്രണിത കാലം;
അറിയാൻ, അടുക്കുവാൻ വെമ്പവേ താക്കീതിൻ അറിവായ്, വിലങ്ങായ് വെറുക്കുന്ന പ്രതിരോധമറയായ്
മുടന്തുന്ന കാലം;
മിഴികളിൽ കനിവിന്റെ ആർദ്രനിരില്ലാത്ത മിഴിവറ്റ കാലം;
മരണവും മരവിപ്പു മാത്രം വിതക്കുന്ന സഹികെട്ട, ഗതികെട്ട കാലം;
ചിരകാലമോർമ്മയിൽ കരുതി ലാളിക്കുമുൾ-
ക്കനവുകൾ പിടിവിട്ടു ചോരുന്ന കാലം;
ഒരു നന്ദി വാക്കിൻ നിറം ചാർത്തി നൽകുവാൻ കരുതി വെച്ചോരാ ക്കടങ്ങൾ നഷ്ടത്തിന്റെ വഴിയിൽ കൊഴിഞ്ഞെന്ന മിഥ്യയിൽ കാൽക്കീഴിൽ ഇഴയുന്ന കാലം;
പരിചയം കാണിച്ചു നീട്ടുന്ന മോഹങ്ങൾ
അണുമുക്തമാക്കുവാൻ വിഷനീരു തേടി നാം മുറിയിലേക്കോടുന്ന കാലം;
ഇണയോടുപോലും മുഖം തിരിച്ചേകാന്ത തടവിൽ വിരൽത്തുമ്പിലിഴയുന്ന കാലം;
ഒരു ദീർഘ നിശ്വാസമാവാൻ കൊതിച്ചുള്ളിൽ ഉറയും വികാരങ്ങൾ തേങ്ങലായ് തൊണ്ടയിൽ തടയുന്ന വിഭ്രാന്തകാലം;
മരണക്കണക്കുകൾക്കപ്പുറം മറ്റൊന്നു-
മറിയുവാൻ, പറയുവാനില്ലാത്ത, വാക്കുകൾ വറുതിയിൽ മരിക്കുന്ന നെറികെട്ട കാലം;
മരണം മണക്കുന്ന ചുടുവാർത്ത ഉമ്മറ-
പ്പടിയിൽ പതിച്ചീ പ്രഭാതം മുടിക്കുന്ന ദുരിതകാലം
വിലകെട്ട വിപണി വാഗ്ദാനങ്ങൾ നിത്യവും പടികടന്നെത്തുന്നതും നോക്കി അകലേക്ക് മിഴിനട്ടിരിക്കുന്ന വിരസകാലം;
മറവിയിൽ മാഞ്ഞ മോഹങ്ങളെ നെഞ്ചോടു കൊതിയോടെ ചേർത്തു പുൽകീടുന്ന കാലമൊന്നകലെയുണ്ടെന്നും പ്രതീക്ഷിച്ചു നാൾക്കുനാൾ വെറുതെ മോഹിച്ചുപോം അകലകാലം.
No comments:
Post a Comment