Thursday, December 9, 2021

കലപ്പ(കവിത)

 

കലപ്പ
(കവിത)
ഉഴുതു മറിക്കലാണ് നിയോഗം,
എനിക്കുമെഴുത്താണിയ്ക്കും

അമർന്ന ചവിട്ടേറ്റുറച്ചമണ്ണിനെ
ഇളക്കി മറിച്ചിട്ടത് ഉഴവിന്റെ ചരിത്രം.
(വിതച്ചതും കൊയ്തതും ഉണ്ടതും ഊട്ടിയതും നിങ്ങളാണ്.)

വരയിലാണെന്റെ വിരുതും വികൃതിയും;
വായിലല്ല, വയലിലാണ് വാസം.

വലഞ്ഞ മണ്ണിൽ വിള കുറഞ്ഞതിന്,
വയൽ പുറങ്ങളിൽ
കളയും കീടവും നിറഞ്ഞതിന്,
വിളകളിൽ വിഷം തീണ്ടിയതിന്
ഞാൻ ആളല്ല.
വലിക്കുന്നവന്റെ  വമ്പും
തെളിക്കുന്നവന്റെ കാമ്പുമാണ്
കൊഴുവിന്റെ വഴിയും
ഉഴവിന്റെയാഴവും
വിളവിന്റെ മാറ്റും.

ഇരന്നുവാങ്ങിയ കണ്ടങ്ങളിൽ
ഇരുൾകൃഷി നടത്തിയവർ
മുറജപവും മൂലക്കുരുവുമായി
മച്ചിൻറെ മൂലക്കിരിക്കേ
തട്ടുമ്പുറത്തെ 'വേണ്ടാതീനങ്ങൾ'ക്കിടയിൽ
ഞാനുണ്ട്.....
കമ്പും കാമ്പുമുള്ളവർ
മുടിങ്കോലും മൂർച്ചയുമായി വരുമ്പോൾ
ഒന്ന് തേച്ചാൽ തെളിയുന്ന തുരുമ്പേ
എൻറെ നാക്കിനുള്ളൂ.
---------------------------------------------------------

No comments:

Post a Comment